കുന്നത്തൂർ: പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ കുടിവെള്ള ടാപ്പുകളിൽ മലിനജലം മാത്രം എത്തുന്നതിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. ടാപ്പുകളിൽ എത്തിയ മലിനജലം കുപ്പികളിൽ ശേഖരിച്ചെത്തിയ പ്രവർത്തകർ ഓഫീസിനകത്തും പുറത്തുമായി മലിനജലം പ്രദർശിപ്പിച്ചാണ് പ്രതിഷേധിച്ചത്. പടിഞ്ഞാറെ കല്ലടയിലേക്ക് ആദിക്കാട് പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്പ്പിക്കാമെന്നും, നേരിട്ട് ഫിൽട്ടർ ഹൗസിൽ നിന്ന് ഇവിടേക്ക് കുടിവെള്ളമെത്തിക്കാമെന്നും എക്സിക്യൂട്ടീവ് എൻജിനിയറും അസിസ്റ്റന്റ് എൻജിനിയറും ഉറപ്പു നൽകിയ ശേഷമാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ആർ.വൈ.എഫ് കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിന് കെ.ജി. വിജയദേവൻ പിള്ള, കല്ലട ഷാലി, ജിജോ ജോസഫ്, സുഭാഷ് എസ്. കല്ലട, ഷിബു ചിറക്കട, ശ്രീകുമാർ വേങ്ങ, ശ്യാംദേവ് ശ്രാവണം, ഷെഫീഖ് മൈനാഗപ്പള്ളി, കോശി ജോയ്, അശ്വിനികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.