കൊട്ടാരക്കര: കല്ലടയാറിന്റെ തീരത്തെ പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയൂർവേദ മെഡിക്കൽ കോളേജ് ആശുപത്രി നടപ്പാക്കുന്ന ആരോഗ്യ ടൂറിസം പദ്ധതി ഇന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ നാടിന് സമർപ്പിക്കും. കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയായ ആരോഗ്യ ടൂറിസത്തിന്റെ ഭാഗമായ ആയുർമിത്ര എക്കേ വെൽനസ് റിസോർട്ടുകളാണ് നിർമ്മിച്ചത്. ഔഷധ സസ്യങ്ങൾ നിറഞ്ഞ ഒരേക്കർ ഭൂമിയിലാണ് അഞ്ച് കോട്ടേജുകൾ നിർമ്മിച്ചത്. പതിനൊന്ന് കൂടാരങ്ങൾകൂടി തയ്യാറാക്കാനാണ് പദ്ധതി. വെട്ടുകല്ലുകൊണ്ടാണ് ഭിത്തികൾ കെട്ടിയത്. കുമ്മായവും പച്ചമണ്ണിന്റെ തൊളിയും വയ്‌ക്കോലും ഉമിയും ചേരുന്ന മിശ്രിതം ഉപയോഗിച്ച് ഭിത്തികൾ പ്ലാസ്റ്റർ ചെയ്തു.പഴമ നിലനിർത്തുന്ന തടികളും ഓടുകളുമാണ് മേൽക്കൂരയിൽ. ഒരു കോട്ടേജിൽ രണ്ട് പേർക്ക് തങ്ങാം. എക്‌സിക്യുട്ടീവ് കോട്ടേജിൽ മൂന്ന് പേർക്ക് തങ്ങാം. കുടുംബ സമേതം ആയൂർവേദ ചികിത്സയ്ക്കും സുഖ ചികിത്സയ്ക്കും എക്‌സിക്യുട്ടീവ് കോട്ടേജ് മതിയാകും. ഔഷധ സസ്യത്തോട്ടങ്ങളും നക്ഷത്രവനവുമടക്കം നേരത്തേതന്നെ ഒരുക്കിയിട്ടുണ്ട്.
നീന്തൽ കുളവും റസ്റ്റോറന്റും
വിദഗ്ധ ചികിത്സയും ഒപ്പം ഉല്ലസിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നീന്തൽ കുളമാണ് പ്രധാന സവിശേഷത. മികച്ച ഭക്ഷണം ഒരുക്കുന്ന മൾട്ടി സിസ്റ്റം റസ്റ്റോറന്റും പ്രവർത്തിക്കുന്നുണ്ട്. ചികിത്സയ്‌ക്കെത്തുന്നവർക്ക് വൈദ്യൻമാർ നിശ്ചയിക്കുന്ന ഭക്ഷണവും മറ്റുള്ളവർക്ക് ആവശ്യപ്പെടുന്ന ഭക്ഷണവും ലഭിക്കും.
മെച്ചപ്പെട്ട ചികിത്സാ സംവിധാനം
ആയൂർവേദത്തിന്റെ ചികിത്സാ രീതികൾ അപ്പാടെ റിസോർട്ട് സംവിധാനത്തിലേക്ക് എത്തിയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ കേന്ദ്രമായി ഇവിടം മാറുകയാണ്. 26 സ്‌പെഷ്യാലിറ്റി ഡോക്ടർമാരടക്കം 60 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കും. പാരമ്പര്യത്തിന്റെ പുണ്യത്തിനൊപ്പം അതിനൂതനമായ ചികിത്സാ സംവിധാനങ്ങളും ഒരുക്കും. ഗവേഷണ കുതുകികളായ കോളേജിലെ അദ്ധ്യാപകർ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധക്കൂട്ടുകൾ വികസിപ്പിച്ചത് വലിയ പ്രചാരം ലഭിച്ചിരുന്നു.