c
ഉഗ്രൻകുന്നിലെ മരണം പൊലീസ് അന്വേഷണം തുടങ്ങി

കൊട്ടാരക്കര: മുൻസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ഉഗ്രൻകുന്ന് മാലിന്യ സംസ്കരണ പ്ളാൻറിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതിൽ ദുരൂഹത ഉയരുന്നു. കണ്ടെത്തുമ്പോൾ പത്തു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. അന്വേഷണത്തിൽ മരണമടഞ്ഞ യുവാവ് തിരുവനന്തപുരം മലയൻകീഴ് ഊരൂട്ടമ്പലം സ്വദേശി സുധീഷാണെന്ന് (38) കണ്ടെത്തി.

കഴിഞ്ഞ പതിന്നാലിന് കുണ്ടറയിൽ കരാർ ജോലിക്കാരനായി കോൺക്രീറ്റ് പണിക്കെത്തിയതായിരുന്നു സുധീഷ്.16ന് നാട്ടിൽ പോകുകയാണെന്നു പറഞ്ഞ് മടങ്ങി. പിന്നീട് കാണുന്നത് തൂങ്ങിയ നിലയിൽ മൃതദേഹമാണ്.

എങ്ങനെ ഇവിടെ എത്തിയെന്നും, എന്തിന് എത്തി എന്നും പൊലീസ് അന്വേഷിച്ചു വരുന്നു.

ഉഗ്രൻ കുന്നിലെ മാലിന്യ സംസ്കരണ പ്ളാന്റിനു പിന്നിലെ വിജനമായ പറമ്പിൽ മദ്യപ സംഘങ്ങൾ എത്താറുണ്ട്. ബൈക്കുകളിലും കാറുകളിലും എത്തുന്നവർ ഇരുട്ടുവോളം ഇരുന്നു മദ്യപിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഉഗ്രൻകുന്നിൽ നെല്ലിവിള ഭാഗം കഴിഞ്ഞാൽ പഴങ്ങഞ്ഞിവിള ഭാഗം വരെ വിജനമാണ്. പ്ളാന്റിനു സമീപം റബർ മരങ്ങളും പാഴ് മരങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ അതുവഴി പോകുന്നവർക്ക് മദ്യപ സംഘത്തെ കാണാൻ കഴിയാറില്ല. ഇത്തരം സംഘങ്ങളുടെ ആക്രോശങ്ങളും പാട്ടും ബഹളവും മാത്രമാണു കേൾക്കാറുള്ളത്. സുധീഷിന്റെ മരണത്തിൽ ഈ മദ്യപ സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരുന്നു.