കൊല്ലം: ആശ്രാമം ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തിന്റെ സംരക്ഷണത്തിനായി മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കുന്നു. ഇതിനായി 12 അംഗ പരിപാലന സമിതി പ്രവർത്തിക്കും. മേയർ വി. രാജേന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്.
നഗരത്തെ പച്ചപ്പുള്ളതാക്കി നിലനിറുത്താൻ മുൻഗണന നൽകിയുള്ള പദ്ധതിക്കാണ് രൂപം നൽകുക. ആശ്രാമത്തെ ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവും പൂർണമായും ഉറപ്പാക്കുന്ന പ്ലാൻ തയ്യാറാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നിർദ്ദേശിച്ചു.
സസ്യശാസ്ത്രജ്ഞൻ പ്രൊഫ. എൻ. രവിയുടെ നേതൃത്വത്തിലാണ് പ്ലാൻ തയ്യാറാക്കുന്നത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ, നഗരസഭ എൻവയൺമെന്റ് എൻജിനീയർ എന്നിവർ സമിതിയിലെ മുഖ്യ അംഗങ്ങളാണ്. എസ് എൻ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ് എന്നിവിടങ്ങളിലെ ബോട്ടണി വിഭാഗം മേധാവികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, അംഗം ഡോ. സതീഷ് കുമാർ, കണ്ടൽ വിദഗ്ധൻ വി കെ മധുസൂദനൻ, ഡി ടി പി സി സെക്രട്ടറി സി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ടൽവന സംരക്ഷണത്തിന് പ്രത്യേക പരിഗണന
കേരളത്തിലെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ ആശ്രാമത്ത് അഷ്ടമുടിക്കായലിനോട് ചേർന്ന കണ്ടൽവനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ടാകും. മാലിന്യനിക്ഷേപവും കൈയേറ്റവും ശക്തമായി നേരിടാനുള്ള വഴികളും പ്ലാനിന്റെ ഭാഗമാണ്. ഇവിടെയുള്ള മത്സ്യസമ്പത്ത്, പ്രത്യേകതയുള്ള ജീവജാലങ്ങൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവയുടെ സംരക്ഷണവും ഉറപ്പുവരുത്തും.
ആശ്രാമത്ത് വ്യത്യസ്തങ്ങളായ 16 ഇനം കണ്ടലുകളാണ് കണ്ടെത്തിയിട്ടുള്ളത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇവ സംരക്ഷിക്കാൻ കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന 'കുട്ടി വനം' പദ്ധതിക്ക് തുടക്കമായി. ഇതിന് പുറമെയാണ് സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മാനേജ്‌മെന്റ് പ്ലാൻ. ഒരു മാസത്തിനകം സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് പുതിയ പ്ലാൻ സമർപ്പിക്കും.