മൺറോതുരുത്ത്: പട്ടംതുരുത്ത് വെസ്റ്റ് വാർഡിലെ ജനങ്ങളുടെ സഞ്ചാരമാർഗം തടസപ്പെടുത്തി റെയിൽവേ അധികൃതർ സംരക്ഷണഭിത്തി കെട്ടുന്ന സ്ഥലം രാജ്യസഭാംഗം സോമപ്രസാദ് സന്ദർശിച്ചു. റെയിൽവേ മീറ്റിംഗിൽ പ്രശ്നം അടിയന്തരമായി ഉന്നയിച്ച് നാട്ടുകാരുടെ യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് എം.പി ഉറപ്പുനൽകി.
റെയിൽവേപ്പാത മുറിച്ച് കടന്നാണ് നിലവിൽ പട്ടംതുരുത്ത് നിവാസികൾ സഞ്ചരിക്കുന്നത്. ഏകയാത്രാമാർഗവും റെയിൽവേ അധികൃതർ സുരക്ഷാകാരണങ്ങൾ പറഞ്ഞ് കരിങ്കല്ല് കെട്ടി അടയ്ക്കാൻ തുടങ്ങിയപ്പൾ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. 'പട്ടംതുരുത്ത് വെസ്റ്റ് നിവാസികളുടെ വഴിയടയ്ക്കാൻ റെയിൽവേ' എന്ന ശീർഷകത്തിൽ കേരളകൗമുദി വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ എം.പി സ്ഥലം സന്ദർശിച്ചത്. ഗ്രാമപഞ്ചായത്ത് അധികൃതർ റെയിൽവേയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരിന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, വൈസ് പ്രസിഡന്റ് മഞ്ചു സുനിധരൻ, ഗ്രാമ പഞ്ചായത്തഗംങ്ങളായ ഷൈനി കൃഷ്ണകുമാർ, നിത്യാ ബാബു, ജ്യോതി, സി.പി.എം ഏരിയാ കമ്മറ്റി അംഗം കെ. മധു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ എന്നിവർ എം.പിയെ അനുഗമിച്ചു.