കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ മുഴുവൻ ഓഫീസുകളും പൂർണമായും മാലിന്യ മുക്തമാകുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജൈവ,അജൈവ മാലിന്യം നിക്ഷേപിക്കുന്നതിനായി എല്ലാ ഓഫീസുകളിലും ബിന്നുകൾ സ്ഥാപിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജൈവ അജൈവ മാലിന്യം നിക്ഷേപിക്കാനുള്ള ബിൻ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ജില്ലാ പ്ലാനിംഗ് ഓഫീസർ പി. ഷാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
രണ്ട് ബിന്നുകൾ വീതമാണ് ഓരോ ഓഫീസുകൾക്കും നൽകിയിരിക്കുന്നത്. ജൈവ മാലിന്യം എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നിനകം കളക്ടറേറ്റിലെ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കും. ഇതിൽനിന്നുള്ള ബയോഗ്യാസ് കാന്റീനിലെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. അജൈവ മാലിന്യം മെറ്റീരിയൽ കളക്ഷൻ സെന്ററിൽ ശേഖരിച്ച് പാഴ്‌വസ്തു വിൽപ്പനക്കാർക്ക് കൈമാറുമെന്നും ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി. സുധാകരൻ പറഞ്ഞു
കിംസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കളക്ടറേറ്റിലെ ഓഫീസുകൾക്ക് ആവശ്യമായ 120 ബിന്നുകൾ നൽകിയത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം എല്ലാ ഓഫീസുകൾക്കും ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തുണിസഞ്ചിയും വിതരണം ചെയ്തിരുന്നു.
എ.ഡി.എം പി. ആർ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒ. മീനാകുമാരി, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്, എ.ഡി.സി (ജനറൽ) കെ. അനു, കിംസ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ജോജോ സെബാസ്റ്റ്യൻ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.