കൊല്ലം: നഗരത്തിൽ ഇനി വഴിയിൽ മാലിന്യം തള്ളിയാൽ ജയിൽ ശിക്ഷ ഉറപ്പെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ മുന്നറിയിപ്പ് നൽകി. സേഫ് കൊല്ലം പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ മാലിന്യ നിർമ്മാർജന പരിപാടികൾ തുടരവെ നിരോധനം വകവയ്ക്കാതെ മാലിന്യം നിക്ഷേപിക്കുന്നവരെ കുറ്റവാളികളായി കണ്ട് നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിന്യം നിക്ഷേപിക്കുന്നത് തടയാനുള്ള സ്‌ക്വാഡുകൾ രൂപീകരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് കളക്ടറുടെ മുന്നറിയിപ്പ്.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം മലിനമാക്കുന്ന പ്രവണത അവസാനിപ്പിക്കും. കർശന നടപടികളാകും നിരോധനം മറികടക്കുന്നവർക്കെതിരെ സ്വീകരിക്കുക. ദുരന്തനിവാരണ നിയമ പ്രകാരമാണ് ജയിൽ ശിക്ഷ നൽകുക.
മാലിന്യ നിർമ്മാർജനത്തിനായി പൊതുസമൂഹവും വിദ്യാർഥികളും ഉൾപ്പെടെ സഹകരിക്കുമ്പോഴും കുറ്റവാസനയുള്ള ഒരു വിഭാഗമാണ് വെല്ലുവിളി ഉയർത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഓരോ മേഖല സംബന്ധിച്ചും വ്യക്തമായ വിവരം തരാൻ കഴിയുന്ന കോർപറേഷൻ ജീവനക്കാരുടെ സേവനമാണ് കൂടുതൽ ശക്തമാക്കേണ്ടത്. പരിശോധന നിർവഹിക്കാനുള്ള എല്ലാ പിന്തുണയും ജില്ലാ ഭരണകൂടം നൽകുമെന്നും കളക്ടർ വ്യക്തമാക്കി. പ്ലാസ്റ്റിക് നിരോധനം പൂർണമായും നടപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ കളക്ടർ നിർദ്ദേശിച്ചു.
നടപടി
1.പൊലീസ് ആർ.ടി.ഒ, റവന്യു, കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനാ സംവിധാനം ഇനി പ്രവർത്തിക്കും. 2.നിത്യേനയുള്ള നിരീക്ഷണവും തുടർനടപടികളും സംഘം നിർവഹിക്കും.
3പതിവായി മാലിന്യം തള്ളുന്ന സ്ഥലങ്ങൾ കണ്ടെത്തി രാത്രികാല പരിശോധന ശക്തമാക്കും
4. മാലിന്യം കൊണ്ടുവരുന്ന ഇരുചക്രവാഹനങ്ങൾ മുതലായവ പിടിച്ചെടുക്കാൻ നിർദ്ദേശം.
5.റസിഡന്റ്സ് അസോസിയേഷനുകൾ മാലിന്യം തള്ളുന്നവരുടെ വിവരം കൈമാറണം.