mercyy
നഗരത്തിൽ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ സംസാരിക്കുന്നു

 സാങ്കേതിക പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധോപദേശം തേടും

കൊല്ലം: നഗരത്തിൽ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും സാങ്കേതിക പ്രശ്നപരിഹാരത്തിന് വിദഗ്ദ്ധരുടെ ഉപദേശം തേടാനും തീരുമാനമായി. മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന് 57.11 കോടി രൂപയാണ് വാട്ടർ അതോറി​റ്റി അനുവദിച്ചിട്ടുള്ളത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ലാന്റ് സ്ഥാപിക്കുക. എൻ.ഐ.​ടി വ്യവസ്ഥകൾ പ്രകാരമാണ് പ്ലാന്റിന്റെ ഡിസൈൻ അംഗീകരിച്ചിട്ടുള്ളത്.കുടിവെള്ള മേഖലയിലെ വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതിനൊപ്പം ആവശ്യമെങ്കിൽ എൻ.ഐ.​ടി, ഐ.ഐ.​ടി എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെയും അഭിപ്രായം കൂടി കണക്കിലെടുക്കുമെന്ന് മന്ത്റി അറിയിച്ചു. കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈനുകൾ വാട്ടർ അതോറി​റ്റി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്നുണ്ടെങ്കിലും അതിനോടൊപ്പം തന്നെ കുടിവെള്ള ശുദ്ധീകരണത്തിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണവും പൂർത്തീകരിച്ചാൽ മാത്രമേ ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ.

യോഗത്തിലെ ധാരണ പ്രകാരം കരാറുകാരൻ ആറ് ദിവസത്തിനുള്ളിൽ ഡിസൈൻ വാട്ടർ അതോറി​റ്റിക്ക് സമർപ്പിക്കണം. വാട്ടർ അതോറി​റ്റി 15 ദിവസത്തിനുള്ളിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഡിസൈൻ പരിശോധിച്ച് ആവശ്യമായ മാ​റ്റങ്ങൾ വരുത്തി അന്തിമാനുമതി നൽകണം. ഡിസൈനിൽ മാ​റ്റം ആവശ്യമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ കരാറുകാരൻ അടുത്ത ദിവസം തന്നെ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. കുടിവെള്ള പദ്ധതികൾ വിവിധ കാരണങ്ങളാൽ നീണ്ടുപോകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. തുടർ നടപടികളുടെ ഭാഗമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അടുത്ത യോഗം നവംബർ 14ന് ചേരുമെന്നും മന്ത്റി വ്യക്തമാക്കി.

എം. നൗഷാദ് എം.എൽ.എ, വാട്ടർ അതോറി​റ്റി എം.ഡി ഡോ. എം. കൗശികൻ, ചീഫ് എൻജിനിയർ ജി. ശ്രീകുമാർ, എസ്. സേതുകുമാർ, മ​റ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, റാംകി ഇൻഫ്രാസ്ട്രക്ചർ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 57.11 കോടി രൂപ ചെലവ്