കുണ്ടറ പള്ളിമുക്കിൽ ഗതാഗതം മുടങ്ങി
കുണ്ടറ: ഗേറ്റ് അടയ്ക്കുന്നതിന് മുമ്പ് കടന്നുപോകാനുള്ള ചരക്കുലോറിയുടെ ശ്രമത്തിൽ റെയിൽവേ ഗേറ്റ് തകർന്നു. കുണ്ടറ പള്ളിമുക്കിലെ റെയിൽവേഗേറ്റാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ തകർന്നത്. പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോകേണ്ട പാസഞ്ചർ ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് അടക്കുന്ന സമയത്ത് ചരക്ക് ലോറി കടക്കാൻ ശ്രമിച്ചതാണ് അപകടത്തിൽ കലാശിച്ചത്. മുളവന ഭാഗത്ത് നിന്ന് കുണ്ടറയിലേക്ക് വന്ന ലോറിയുടെ മുകൾ ഭാഗം ഗേറ്റിൽ ഇടിച്ചാണ് തകർന്നത്. ഗേറ്റ് തകരാറിലായതോടെ പള്ളിമുക്കിലെ ഗതാഗതം സ്തംഭിച്ചു. റെയിൽവേ അധികൃതർ എത്തി ഗേറ്റിന്റെ തകരാർ പരിഹരിച്ച് ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.