കൊല്ലം: നാലുവരി പാതയാക്കി 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് നേരത്തെ സർവ്വെ നടത്തി സ്ഥാപിച്ചിരുന്ന അലൈൻമെന്റ് കല്ലുകളുടെ പുനപരിശോധന തുടരുന്നു. ഇന്ന് ചാത്തന്നൂർ സ്പെഷ്യൽ സഹസീൽദാർ കാര്യാലയത്തിന്റെ പരിധിയിലെ അലൈമെന്റ് കല്ലുകളുടെ പരിശോധന നടത്തും. കഴിഞ്ഞ ദിവസം വരെ ശക്തികുളങ്ങര മുതൽ കാവനാട് ബൈപ്പാസ് വരെയും മേവറം ബൈപ്പാസ് ജംഗ്ഷൻ മുതൽ ഇത്തിക്കര പാലം വരെയുമാണ് പുനപരിശോധനയും പുനസ്ഥാപനവും നടന്നത്.
ദേശീയപാതാ ഉദ്യോഗസ്ഥ സംഘമാണ് നേതൃത്വം നൽകുന്നത്. നഷ്ടപ്പെട്ട കല്ലുകളുടെ പുനസ്ഥാപനവും സ്ഥാനചലനം സംഭവിച്ചവയുടെ ക്രമീകരണവും നടത്തി.
ദേശീയ പാത സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ആർ. സുമീതൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സ്പെഷ്യൽ തഹസീൽദാർ എം. ബിപിൻ കുമാർ, ജൂനിയർ സൂപ്രണ്ട് ബിനോയ് ബേബി, റവന്യൂ ഇൻസ്പെക്ടർമാരായ ജി അനിൽകുമാർ, ആശാ ഷാഹിന, എൻ എച്ച് എ ഐ പ്രതിനിധി ആർ ശിവദാസൻ എന്നിവരാണ് അംഗങ്ങൾ.