thief

പാരിപ്പള്ളി: മുന്നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ പാരിപ്പള്ളി പൊലീസ് പിടികൂടി. മടവൂർ അയണിക്കട്ടുകോണം സജിന മൻസിലിൽ 'ഫാന്റം പൈലി' എന്ന ഷാജി (36) ആണ് പിടിയിലായത്.

കഴിഞ്ഞ മാസം 18ന് ചിറക്കര, ശാസ്ത്രിമുക്ക് എന്നിവിടങ്ങളിൽ നിന്ന് രണ്ട് ബൈക്കുകൾ മോഷ്ടിച്ച കേസിലാണ് ഇയാളെ വർക്കല നിന്ന് അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി സി.ഐ രജേഷ് കുമാർ, എസ്.ഐ രാജേഷ്, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ ബിജു, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നേരത്തെ ഒരു കേസിൽ കൊല്ലം കോടതിയിൽ ഹാജരാക്കുന്നതിനായി ട്രെയിനിൽ കൊണ്ടുവരവെ ചാടി രക്ഷപ്പെട്ട സംഭവത്തിലും ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നുണ്ട്. നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.