ഒഴുകി നടക്കുന്ന ഗ്രാമങ്ങളോ..? ചിന്തിക്കുമ്പോൾ തന്നെ അതിശയോക്തി തോന്നാം. എന്നാൽ, ശരിക്കും അങ്ങനെയൊരു ഗ്രാമമുണ്ട് അങ്ങ് കംബോഡിയയിൽ. ഒരു തടാകക്കരയിൽ വഞ്ചികളിലും മറ്റും വീടുകളും കടകളും സ്ഥാപനങ്ങളും നിർമ്മിച്ച് ജീവിക്കുന്ന സമൂഹം. കംബോഡിയയിലെ ടോൺലെ സാപ് തടാകത്തിലാണ് ഈ ഒഴുകുന്ന ഗ്രാമങ്ങളുള്ളത്. 170ൽ അധികം ഗ്രാമങ്ങൾ ഇത്തരത്തിൽ ഇവിടെയുണ്ടെന്നാണ് കണക്ക്. വീടുകൾക്ക് പുറമെ നിരവധി സ്ഥാപനങ്ങളും മാർക്കറ്റും ഹോട്ടലും ആശുപത്രികളും ആരാധനാലയങ്ങളുമെല്ലാം ഈ ഗ്രാമങ്ങളിലുണ്ട്. വിയറ്റ്‌നാമിസ് വംശജരാണ് ഈ ഒഴുകുന്ന ഗ്രാമങ്ങളിൽ താമസിക്കുന്നത്.
കംബോഡിയയിലെ ഫ്രഞ്ച് ഭരണകാലത്ത് (1863-1953) വിയറ്റ്‌നാമിൽ നിന്ന് കുടിയേറിയവരാണ് ഈ ജനത. അന്ന് ഫ്രഞ്ച് സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഓഫീസ് ജോലിക്കും മറ്റുമായി കംബോഡിയയിൽ എത്തിയ വിയറ്റ്‌നാമീസ് ജനത പിന്നീട് ഇവിടെ സ്ഥിര താമസമാക്കി. എന്നാൽ കംബോഡിയുടെ ഭരണം കമറൂഷ് എന്ന ഏകാധിപതി കൈയടക്കിയതോടെ രാജ്യത്ത് സ്വദേശി ബോധം വർദ്ധിക്കുകയും രാജ്യത്തേക്ക് കുടിയേറിയവരെ പുറത്താക്കിക്കൊണ്ട് ഉത്തരവ് ഇറക്കുകയും ചെയ്തു. തലമുറകളായി കംബോഡിയയിൽ ജീവിച്ച വിയറ്റ്‌നാമീസ് വംശജർക്ക് അങ്ങനെ തങ്ങളുടെ സ്വന്തം നാട് ഉപേക്ഷിച്ച് പോകേണ്ടി വന്നു. 1975ൽ കമറൂഷ് ഭരണം അവസാനിച്ചതോടെ തങ്ങളുടെ പൂർവികർ ഉറങ്ങുന്ന കംബോഡിയയുടെ മണ്ണിലേക്ക് തിരിച്ചെത്തിയ ഇവരെ ഭരണകൂടം വെറും അഭയാർത്ഥികളായാണ് കണ്ടത്.
അങ്ങനെ വിയറ്റ്‌നാമീസ് വംശജർ ജലാശയങ്ങൾ കേന്ദ്രീകരിച്ച് താമസം ആരംഭിച്ചു. തടാകത്തിൽ തൂൺ നാട്ടിയാണ് കെട്ടിടങ്ങളിൽ ഭൂരിഭാഗവും നിർമ്മിച്ചിരിക്കുന്നത്. ഗതാഗതത്തിനായി വള്ളങ്ങളെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്.