1
ഓടനാവട്ടം പുത്തൻപുര-ആറ്റുവാരം റോഡ് തകർന്ന നിലയിൽ

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

ഓടനാവട്ടം: 150 വർഷത്തോളം പഴക്കമുള്ള ധാരാളം കുടുംബങ്ങളുടെ ആശ്രയമായ ഓടനാവട്ടം പുത്തൻപുര-ആറ്റുവാരം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 300ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന ചൂലാ ഗ്രാമത്തിലേക്കും ഹെബ്രോൺ ദൈവസഭാമന്ദിരത്തിലേക്കും കൊട്ടാരക്കര - ഓയൂർ മെയിൻ റോഡിലേക്കുമുള്ള അപ്രോച്ച് റോഡാണിത്. പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, ബാങ്കുകൾ, പെട്രോൾ പമ്പ്, സ്കൂളുകൾ, വിദ്യാഭ്യാസ ഓഫീസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള റോഡുകൂടിയാണിത്.

തെരുവ് വിളക്കില്ല, ഇഴജന്തുക്കളും നായ്ക്കളും വ്യാപകം

ഓടനാവട്ടം പുത്തൻപുര-ആറ്റുവാരം റോഡിൽ തെരുവുവിളക്കുകൾ പ്രകാശിക്കാറില്ല. കുണ്ടും കുഴിയും നിറഞ്ഞ ഈ പാതയുടെ ഇരുവശവും കുറ്റിക്കാടുകൾ വളർന്നുനിൽക്കുകയാണ്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം ഇവിടെ വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനങ്ങൾക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ തകർന്നു കിടക്കുകയാണ് റോഡ്.

എം.എൽ.എ ഫണ്ടില്ല

റോഡിനായി എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കാമെന്ന വാഗ്ദാനം 2 വർഷമായിട്ടും വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണ്. കഴിഞ്ഞ പ്രളയക്കെടുതി മൂലം ഫണ്ടിന്റെ ലഭ്യത കുറഞ്ഞതിനാലാണ് റോഡ് പണി നടക്കാത്തതെന്നാണ് എം.എൽ.എയുടെ ഓഫീസിന്റെ വിശദീകരണം. വാർഡ് മെമ്പർ മുതൽ എം.പി വരെയുള്ളവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടാകാത്തതിന്റെ പ്രതിഷേധത്തിലാണ് നാട്ടുകാർ.

 വർഷങ്ങളായി റോഡ് തകർന്ന് കിടക്കുകയാണ്. രാത്രിയിൽ തെരുവ് വിളക്കില്ലാത്തതിനാൽ പാമ്പും തെരുവ് നായ്ക്കളും വലിയ ഭീഷണിയാണ്. റോഡ് നന്നാക്കൻ വാർഡ് മെമ്പർ കൂടി മുൻകൈയെടുക്കണം. ബന്ധപ്പെട്ടവർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം

പി.വി. മോഹനൻ, കൃഷ്ണകൃപ, ഓടനാവട്ടം (പ്രദേശവാസി),

എം.പി ഫണ്ടിൽ നിന്ന് റോഡ് ശരിയാക്കിത്തരാമെന്ന് അധികൃതർ പറയുന്നതല്ലാതെ ഒരു നടപടിയുമില്ല. പഞ്ചായത്ത് അധികൃതർ, ജില്ലാ പഞ്ചായത്ത് അധികൃതർ ,എം.എൽ.എ, എം.പി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇലക്ഷൻ വരുമ്പോൾ നേതാക്കന്മാർ വരും, വാഗ്ദാനങ്ങൾ തരും, എന്നാൽ ഒന്നും നടപ്പിലാക്കാറില്ല.
സി.എൽ. ബാബു, ബിൻസി ഭവൻ,

ഓടനാവട്ടം (പ്രദേശവാസി),

 വളരെ വർഷങ്ങളായുള്ള ഇവിടത്തുകാരുടെ ആവശ്യമാണ് റോഡ് നന്നാക്കണമെന്നത്. ആരും തിരിഞ്ഞുനോക്കാറു പോലുമില്ല. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമുള്ളതിനാൽ ഇതിലൂടെ വഴി നടക്കാനാവാത്ത അവസ്ഥയാണ്. റോഡ് നന്നാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം

പാപ്പി, പാപ്പി സൗണ്ട്സ്, ഓടനാവട്ടം (പ്രദേശവാസി)