c
നടത്ത മത്സരത്തിനിടെ വിദ്യാർത്ഥിനിക്ക് പരിക്ക്

 കുട്ടികൾ 3000 മീറ്റർ നടത്ത മത്സരത്തിൽ പങ്കെടുത്തത് പെരുമഴ നനഞ്ഞ്

 ലാൽബഹദൂർ സ്റ്റേഡിയം മഴയിൽ മുങ്ങിയിരുന്നു

കൊല്ലം: കായികമേളയിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെ പുല്ലാക്കി പെരുമഴയത്ത് നടത്തിയ കൊല്ലം ഉപജില്ലാ കായിക മേളയിൽ മത്സരാർത്ഥിക്ക് പരിക്കേറ്റു. വള്ളിക്കീഴ് ഗവ.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗൗരിക്ക് ട്രാക്കിൽ തെന്നി വീണ് പരിക്കേറ്റു. ഇടത് കാൽമുട്ടിടിച്ച് വീണ് മുട്ടിൽ മുറിവേറ്റ ഗൗരിക്ക് സ്റ്റേഡിയത്തിൽ പ്രാഥമിക ചികിത്സ നൽകി. വേദന കുറയുന്നില്ലെങ്കിൽ വിദഗദ്ധ ചികിത്സ തേടണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു.

ഇന്നലെ പുലർച്ചെ മുതൽ നഗരത്തിൽ ശക്തമായ മഴ പെയ്‌തിട്ടും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച ആരംഭിച്ച മേള മാറ്റിവയ്ക്കാൻ സംഘാടകർ തയ്യാറായില്ല. തുടരെ പെയ്‌ത മഴയിൽ സ്റ്റേഡിയത്തിലെ ട്രാക്കുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺപെൺകുട്ടികളുടെയും പെൺകുട്ടികളുടെയും 3000 മീറ്റർ നടത്ത മത്സരം പൂർത്തീകരിച്ചത് പെരുമഴയിലാണ്.

ലോംഗ് ജംപ് മത്സരം നടത്താൻ ശ്രമിച്ചെങ്കിലും മത്സരാർത്ഥികൾ തെന്നി വീഴുമെന്ന് കണ്ട് ഒഴിവാക്കി. ജാലവിൻ ത്രോ നടത്താൻ മൈക്കിലൂടെ അറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധം ഭയന്ന് 12 മണിയോടെ മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ജില്ലയിൽ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയ സർക്കാർ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇത് അവഗണിച്ചാണ് ചൊവ്വാഴ്‌ച മേള ആരംഭിച്ചത്. ഇന്നലെ മഴ ശക്തി പ്രാപിച്ചിട്ടും പുനരാലോചന നടത്താൻ സംഘാടകരും വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ ഉന്നതരും തയ്യാറായില്ല.