kollam-corporation

 നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം

കൊല്ലം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നഗരത്തിലെ കേടായ തെരുവുവിളക്കുകൾ വീണ്ടും പ്രധാന ചർച്ചാവിഷയമായി. രണ്ട് പതിറ്രാണ്ടായിട്ടും നഗരത്തെ ഇരുട്ടിൽ നിന്ന് മുക്തമാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എൽ.ഇ.‌‌‌ഡി ലൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ കരാറായ 'ഇ സ്മാർട്ടിന്' അവരുടെ ഉത്തരവാദിത്വം പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസ് ചൂണ്ടിക്കാട്ടി.

നഗരത്തിലെ റോഡുകളും തെരുവ് വിളക്കിന്റെ അഭാവവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. എന്നാൽ ഇത് നിസാരമായി കാണുകയാണ് ബന്ധപ്പെട്ടവർ. പല വാർഡുകളിലും 400 ഓളം ലൈറ്റുകൾ കത്താത്ത സ്ഥിതിയുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൗൺസിലർമാരോട് പ്രതിഷേധം അറിയിക്കുകയാണ്. ആറ് മാസത്തെ ഉറപ്പിൽ സ്ഥാപിക്കുന്ന ലൈറ്റുകൾ സ്ഥാപിച്ച് രണ്ടാം ദിവസം കേടാകുന്ന സ്ഥിതി വിശേഷവും നിലവിലുണ്ട്. ഇത് പരിശോധിക്കാൻ സബ് കമ്മിറ്രി രൂപീകരിക്കണം. ഇത്തരം പ്രശ്നങ്ങൾ കാരണം കോർപ്പറേഷനാണ് നഷ്ടമുണ്ടാകുന്നതെന്ന് കൗൺസിലർ ജയൻ അഭിപ്രായപ്പെട്ടു.

 അമൃത് പദ്ധതി; രേഖകൾ സമർപ്പിക്കണം

അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട കുടിവെള്ള കണക്ഷന്റെ രണ്ടാം ഘട്ടത്തിൽ അയ്യായിരം പേർക്ക് കണക്ഷനുകൾ ലഭിക്കുമെന്നും ബന്ധപ്പെട്ട് രേഖകൾ സമർപ്പിക്കാത്തത് മാത്രമാണ് പലർക്കും കണക്ഷൻ ലഭിക്കാതെ പോകുന്നതെന്നും ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് പറഞ്ഞു. പി.എം.എ.വൈ പദ്ധതി, ആശ്രയ പദ്ധതി, കടപ്പാക്കട മാർക്കറ്റ് തുടങ്ങി നിരവധി വിഷയങ്ങൾ കൗൺസിലിൽ ചർച്ചയായി. കൗൺസിലർമാരായ മീനാകുമാരി, ശാന്തിനി ശുഭദേവൻ, ഗോപകുമാർ, വിനീത വിൻസെന്റ്, പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.

 ചർച്ചയായി ഈസി വാക്കും പണം പിടുങ്ങലും

നഗരത്തിൽ 'ഈസി വാക്ക്" പദ്ധതി പരാജയമായെന്നും നടപ്പാതകളും വഴിയോരങ്ങളും തെരുവോര കച്ചവടക്കാർ വീണ്ടും കെെയടക്കിയെന്നും കൗൺസിലിൽ ആക്ഷേപമുയർന്നു.

സാധാരണക്കാരിൽ നിന്ന് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ഹണി ബഞ്ചമിൻ പറഞ്ഞു. നിർദ്ധന കുടുംബത്തിൽ ജനിച്ച പെൺകുട്ടികളിൽ നിന്ന് പണം ഈടാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

കോർപ്പറേഷന് കീഴിലുള്ള ആംബുലൻസ് സേവനം നിലച്ച സാഹചര്യത്തിൽ നടപടി ഉണ്ടാകണമെന്ന് കൗൺസിലർ മീനാകുമാരി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം കോർപ്പറേഷൻ പരിധിയിൽ വർദ്ധിക്കുന്നതായും പലയിടങ്ങളിലും അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ വന്ധ്യംകരണം നടപ്പാക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു.

തിരുവനന്തപുരം മോഡൽ പരിഷ്കരണം നടപ്പിലാക്കണം

നഗരത്തിൽ പലയിടത്തും അനധികൃത പാർക്കിംഗ് പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും പാർക്കിംഗ് ഫീസ് ഈടാക്കി ഇത്തരം ഇടങ്ങളിൽ വാർഡന്മാരെ നിയമിക്കണമെന്നും സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർമാൻ എം.എ. സത്താർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മോഡൽ ട്രാഫിക്ക് പരിഷ്കരണം കൊണ്ടുവന്നാൽ കോർപ്പറേഷന് വരുമാനം ലഭിക്കുകയും ഗതാഗതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഈ വരുമാനം വിനിയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 സ്ലോട്ടർ ഹൗസ് പ്രവർത്തനം 20 ദിവസത്തിനകം

ജനറേറ്ററിന്റെ അഭാവം മൂലം തടസപ്പെട്ട സ്ലോട്ടർ ഹൗസിന്റെ പ്രവർത്തനം 20 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു നഗരസഭാ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ജനറേറ്റർ തത്ക്കാലം വാടകയ്ക്കെടുക്കുമെന്നും മേയർ പറഞ്ഞു.

 മാലിന്യ സംസ്കരണം നവംബർ 1ന് സന്ദേശജാഥ

കൊല്ലം ബീച്ചിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിക്കും. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് മാലിന്യ സംസ്കരണ സന്ദേശജാഥ സംഘടിപ്പിക്കും. ഓരോ ഡിവിഷൻ കൗൺസിലർമാരുടെ കീഴിൽ ഓരോ സംഘങ്ങളായാണ് ജാഥ നടക്കുക.