പുനലൂർ: കഴിഞ്ഞ എട്ട് വർഷമായി ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി നൽകി അരിപ്പ ഭൂസമരം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അരിപ്പ ഭൂ സമരം സമിതിയുടെ നേതൃത്വത്തിലുള്ള കുടുംബങ്ങൾ പുനലൂർ ആർ.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭൂരഹിതരായ കുടുംബങ്ങൾ ഭൂമിക്ക് വേണ്ടി സമരം ചെയ്യുമ്പോൾ പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ച് നൽകിയ നടപടി പിൻവലിക്കണമെന്നും അല്ലെങ്കിൽ ഭൂ ഉടമകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. സമര സമിതി ചെയർമാൻ അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേഷ് കുമാർ ബാബു, സി.ആർ. നജീബ്, സൈമൺ അലക്സ്, ജി. ജയപ്രകാശ്, ഷെഫീക്ക് ചോഴിയക്കോട്, ഗീതാകുമാരി, ബദറുദ്ദീൻ, ലാലുമോൻ, അബ്ദുൽ വഹാബ്, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റിയ ശേഷം ആർ.ഡി.ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിന് സമരക്കാർ ധർണ നടത്തി.