village
ഇടമണിൽ നിർമ്മാണം ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം നാട്ടുകാർ തടഞ്ഞപ്പോൾ

പുനലൂർ: നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയെ തുടർന്ന് തെന്മല പഞ്ചായത്തിലെ ഇടമണിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണം നാട്ടുകാർ തടഞ്ഞു. ഇടമൺ സത്രം ജംഗ്ഷനിൽ രണ്ട് മാസം മുമ്പ് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു ശിലാസ്ഥാപനം നടത്തിയ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനമാണ് നാട്ടുകാർ തടഞ്ഞത്. ഗുണമേന്മ തീരെ കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചാണ് മന്ദിരത്തിന്റെ അടിസ്ഥാനം കെട്ടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. അടിസ്ഥാനം അടക്കമുള്ളവയുടെ നിർമ്മാണത്തിനായി പാറപ്പൊടി ഉപയോഗിച്ചു എന്നാരോപിച്ചാണ് മുൻ തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കോമളകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണ പ്രവർത്തനം തടഞ്ഞത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ കരാറുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് നാട്ടുകാർ ഇടപെട്ട് തടഞ്ഞത്.

അനുവദിച്ചത് 42 ലക്ഷം

അത്യാധുനിക സൗകര്യങ്ങളോടെ ഇടമണിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം പണിയാൻ നാട്ടുകാരുടെ സമർദ്ദത്തെ തുടർന്ന് മന്ത്രി കെ. രാജു മുൻ കൈയെടുത്ത് 42ലക്ഷം രൂപ അനുവദിച്ചിരുന്നു. കാലപ്പഴക്കത്തെ തുടർന്ന് ചോർന്നൊലിച്ച പഴയ വില്ലേജ് ഓഫീസ് കെട്ടിടം ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു. ഇത് ജീവനക്കാർക്കും ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന ജനങ്ങൾക്കും ഭീഷണിയായി മാറിയിരുന്നു.

കേരള കൗമുദിയുടെ ഇടപെടൽ

പഴ‌ഞ്ചൻ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെപ്പറ്റി കേരളകൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അംഗങ്ങളും, നാട്ടുകാരും സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിനെ നേരിൽക്കണ്ട് പരാതിപ്പെട്ടു. തുടർന്ന് മന്ത്രി കെ. രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചയെ തുടന്നാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ വില്ലേജ് ഓഫിസ് മന്ദിരം പണിയാൻ 42ലക്ഷം രൂപ അനുവദിച്ചത്. തുടർന്ന് നിർമ്മാണ ജോലികൾ സർക്കാർ ഏജൻസിയായ നിർമ്മിതിയെ ഏൽപ്പിച്ചു.

ശോച്യാവസ്ഥ

പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് സമീപത്തെ പഞ്ചായത്തുവക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്. വില്ലേജ് ഓഫീസർ അടക്കമുള്ള ജീവനക്കാർ ഒരു ഹാളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനുളള സൗകര്യം ഇവിടെയില്ലെന്നാണ് ആക്ഷേപം.