മരങ്ങൾ കടപുഴകി, വൈദ്യുതി തൂണും വാഹനവും തകർന്നു
കടൽ പ്രക്ഷുബ്‌ധം, ബീച്ചിൽ ഇന്ന് സന്ദർശകർക്ക് വിലക്ക്
കൊല്ലം: ഇന്നലെ മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മരങ്ങൾ കടപുഴകി. കളക്ടറേറ്റിനും കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനും ഇടയിലെ റോഡിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു. ഇന്നലെ രാവിലെ 11നായിരുന്നു അപകടം. കാറിന്റെ മുകൾ ഭാഗവും ചില്ലും പൂർണ്ണമായി തകർന്നു.
മുണ്ടയ്ക്കൽ പാലത്തിന് സമീപം ദുർഗ്ഗാദേവി ക്ഷേത്രത്തിന് സമീപം തെങ്ങ് കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ് വൈദ്യുതി തൂൺ ഒടിഞ്ഞു. വൈദ്യുതി ലൈനിന് മുകളിൽ കൂടി തെങ്ങ് കൊല്ലം തോട്ടിലേക്ക് മറിഞ്ഞപ്പോൾ വൈദ്യുതി തൂണും കമ്പികളും റോഡിലേക്ക് വീണു. ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾ പണിപ്പെട്ട് രാത്രി വൈകിയാണ് വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചത്. അതേസമയം വിവരമറിയിച്ചിട്ടും വൈദ്യുതി വകുപ്പ് അധികൃതർ ഏറെ നേരം വൈകിയാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
മുണ്ടയ്‌ക്കൽ ഉൾപ്പെടെ പല ഭാഗത്തും മരങ്ങൾ കടപുഴകി വീണു. ആശ്രാമം മൈതാനത്തിന് സമീപം തെങ്ങ് കടപുഴകി വീണെങ്കിലും അത്യാഹിതങ്ങൾ ഉണ്ടായില്ല.
ബീച്ചിലെ സന്ദർശനത്തിനും മലയോര യാത്രയ്‌ക്കും വിലക്ക്
കാലാവസ്ഥാ ഭീഷണി നിലനിൽക്കുന്നതിനാൽ കൊല്ലം ബീച്ചിൽ ഇന്ന് സന്ദർശകരെ വിലക്കി ജില്ലാ കളക്‌ടർ ഉത്തരവിറക്കി. ഇന്നലെയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മലയോര മേഖലയിൽ ഇന്നലെ വൈകിട്ട് ആറിന് തുടങ്ങിയ യാത്രാ നിരോധനം ഇന്ന് പുലർച്ചെ ആറ് വരെ തുടരും. അത്യാവശ്യങ്ങൾക്കല്ലാതെ മലയോര മേഖലയിലേക്ക് യാത്ര നടത്തരുതെന്നും കളക്ടർ അഭ്യർത്ഥിച്ചു.