പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടമൺ യു.പി.എസ് ജംഗ്ഷനിലെ കൊടും വളവിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം മുടങ്ങുകയും കാർ യാത്രികർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ 10ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന കാറും മത്സ്യം ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് പോയ മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാത്തിൽ കാർ റോഡിലേക്ക് തിരിയുകയും മുൻ ഭാഗം പൂർണമായും തകരുകയും ചെയ്തു. ഈ സമയം റോഡിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നെത്തിയ വാഹനങ്ങൾ പാതയിൽ കുടുങ്ങി. പിന്നീട് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയിട്ടു. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ കാർ യാത്രികർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു യുവാവ് ലോറി ഇടിച്ച് മരിച്ചതടക്കം മുപ്പതിൽ അധികം വാഹന അപകടങ്ങളാണ് ഇടമൺ യു.പി.എസ് ജംഗ്ഷനിലെ കൊടും വളവിൽ നടന്നിട്ടുള്ളത്.