കൊല്ലം: ശൂരനാട് വടക്ക് ആനയടി മുകളുംപുറത്ത് വീട്ടിൽ ലളിതയെ (47) കുന്താലികൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി
മാവേലിക്കര പള്ളിക്കൽ അജി ഭവനിൽ ബാബുവിനെ (40) കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവിന് പുറമെ 10,000 രൂപ പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.
2014 ഫെബ്രുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടും മൂന്നും പ്രതികളായ ബിന്ദു, സരോജിനി എന്നിവർ ലളിതയുടെ വസ്തുവിൽ കൂടി വഴി നടക്കുന്നത് ലളിത തടഞ്ഞു. ബിന്ദുവിന്റെ ഭർത്താവ് ബാബു അടുത്ത പുരയിടത്തിൽ കിളച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ സമയം. പ്രശ്നം ഏറ്റുപിടിച്ച ബാബു കയ്യിലിരുന്ന കുന്താലി ഉപയോഗിച്ച് ലളിതയുടെ തലയിൽ ആഞ്ഞ് വെട്ടി.
നിലത്തുവീണ ലളിതയുടെ നെഞ്ചത്ത് കുന്താലിയുടെ കുഴഭാഗം കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. തലയ്ക്കേറ്റ വെട്ടിൽ തലയോട്ടി പൊട്ടിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ലളിതയുടെ മരണം. ഏക ദൃക്‌സാക്ഷി വിചാരണയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചത്.
രണ്ടും മൂന്നും പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. നാലാം പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 21 സാക്ഷികളെയും 20 രേഖകളും
ഹാജരാക്കി.