കൊല്ലം: കേരളകൗമുദിയുടെ ആദ്യകാല ലേഖകനും ഏജന്റുമായ ചവറ നല്ലേഴത്ത് മുക്ക്, വേലിയിൽ രമ്യ ഭവനിൽ ചവറ വിജയൻ (85) നിര്യാതനായി. പത്രപ്രവർത്തകൻ, അദ്ധ്യാപകൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചവറ തട്ടാശേരി നല്ലേഴത്ത്മുക്കിലെ വീട്ട് വളപ്പിൽ. മൃതദേഹം ഇന്നലെ സന്ധ്യയോടെ വീട്ടിലെത്തിച്ചു.
1961ൽ കൃഷി വകുപ്പിൽ എൽ.ഡി ക്ലർക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1965ൽ ഹൈസ്‌കൂൾ അദ്ധ്യാപകനായി. ചവറ ശങ്കരമംഗലം ഗവ. ഹൈസ്കൂളിലാണ് ദീർഘകാലം സേവനം അനുഷ്ഠിച്ചത്. 1989ൽ സർവീസിൽ നിന്ന് വിരമിച്ചു. പിന്നീട് മുഴുവൻ സമയ പത്രപ്രവർത്തകനായിരുന്നു. ലസിത, താമര (കവിതകൾ), കടലിൽ തിരയുണ്ട് (നോവൽ), അഭിലാഷങ്ങളുടെ ശവകുടീരത്തിൽ (നാടകം) എന്നിവയാണ് പ്രധാന കൃതികൾ.
സംസ്ഥാന അദ്ധ്യാപക അവാർഡ്, അദ്ധ്യാപക കലാ സാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാരം, ആൾ ഇന്ത്യ അവാർഡീ ടീച്ചേർസ് ഫെഡറേഷൻ കേരള സ്റ്റേറ്റ് ഘടകത്തിന്റെ അദ്ധ്യാപക പുരസ്കാരം, മികച്ച പത്ര പ്രവർത്തകനുള്ള റോട്ടറി ക്ലബ്ബിന്റെ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: റിട്ട. അദ്ധ്യാപിക ഇന്ദിരാവിജയൻ. മക്കൾ: വി.ഐ.അരുൺ ലാൽ, വി.ഐ.അജിത്ത് ലാൽ. മരുമക്കൾ: രേവതി ബാബു.