photo
തകർന്ന് കിടക്കുന്ന കോയിപ്പുറത്ത് - കോഴിച്ചാൽ റോഡ്.

കർഷകരുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കോയിപ്പുറത്ത് - കോഴിച്ചാൽ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് തൊടിയൂർ ആര്യൻപാടം നെല്ല് ഉല്പാദക കർഷക സമിതി അധികൃതരോട് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയുടെ നെല്ലറയായ ആര്യൻപാടത്തിന്റെയും കോഴിച്ചാൽ പുഞ്ചയുടെയും മദ്ധ്യഭാഗത്തു കൂടിയാണ് റോഡ് കടന്നുപോകുന്നത്. പുഞ്ചയിലെ കാർഷികാവശ്യങ്ങൾക്ക് വേണ്ടിയാണ് റോഡ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കോയിപ്പുറത്തു നിന്ന് 600 മീറ്റർ കൂടി തെക്കോട്ട് ടാർ ചെയ്താൽ റോഡ് സഞ്ചാരയോഗ്യമാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. ആര്യൻ പാടത്തേക്ക് കർകർക്ക് പോകാനുള്ള ഏക മാർഗമാണീ റോഡ്.

കർഷകരുടെ ബുദ്ധിമുട്ട്

കൃഷിക്ക് ആവശ്യമുള്ള മുഴുവൻ സാധനങ്ങളും കർഷകർ കൊണ്ട് പോകുന്നത് ഈ റോഡിലൂടെയാണ്. പൂർണമായും തകർന്ന് കിടക്കുകന്ന റോഡിലൂടെ കൃഷി സാധനങ്ങൾ കൊണ്ട് പോകാൻ കർഷകർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. 300 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന പുഞ്ചയിൽ 130 ഏക്കറിൽ മാത്രമാണ് നിലവിൽ കൃഷിയുള്ളത്. മൂന്ന് വർഷത്തിന് മുമ്പാണ് റോഡിൽ മെറ്റൽ നിരത്തിയത്. ഇതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇപ്പോൾ മെറ്റിൽ പൂർണമായും ഇളകി കാൽനട യാത്രപേലും ദുഷ്ക്കരമായ അവസ്ഥയിലാണ്.

അടുത്ത വിളവെടുപ്പിന് മുമ്പായി റോഡ് ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ അധികൃതർ മുൻകൈയെടുക്കണം

നെല്ല് ഉല്പാദക സമിതി പ്രസിഡന്റ് ഐ. മുഹമ്മദ്കുഞ്ഞ്

സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ കാരയ്ക്കൽ

ചെറിയ മഴയിലും വെള്ളക്കെട്ട്

റോഡ് ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കണമെന്ന കർഷകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുഞ്ച ആരംഭിക്കുന്ന സ്ഥലം മുതൽ തെക്കോട്ട് ഗ്രാവലും മെറ്റിലും ഉപയോഗിച്ച് റോഡ് ഉയർത്തിയ ശേഷം മാത്രമേ ടാറിംഗ് നടത്താവൂ എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. നിലവിലുള്ള റോഡ് പുഞ്ചയോട് ചേർന്ന് കിടക്കുന്നതിനാൽ ചെറിയ മഴയത്തു പോലും വെള്ളക്കെട്ടായി മാറും. ഇതു ഒഴിവാക്കണമെങ്കിൽ റോഡിന്റെ ഇരു വശങ്ങളും കരിങ്കൽ ഭിത്തി കെട്ടി ബലപ്പെടുത്തിയ ശേഷം ഉയർത്തണം.