amma
തഴവ എ.വി. ഗവ. ഹൈസ്കൂളിൽ ആരംഭിച്ച സ്മാർട്ട് അമ്മ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ ആർ. സുനിൽകുമാർ നിർവഹിക്കുന്നു

ഓച്ചിറ : ഹൈസ്കൂൾ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അമ്മമാരുടെ വിരൽത്തുമ്പിലെത്തിക്കുന്ന 'സ്മാർട്ട് അമ്മ' പദ്ധതിക്ക് തഴവ എ.വി. ഗവ. ഹൈസ്കൂളിൽ തുടക്കമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾതല മാതൃശാക്തീകരണ ഐ.ടി അധിഷ്ഠിത പരിശീലന പരിപാടിയാണ് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പാഠപുസ്തകത്തിലെ ക്യു.ആർ കോഡ് അമ്മമാരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് സ്കാൻ ചെയ്താണ് പുസ്തകങ്ങൾ മുഴുവനായി അമ്മമാരുടെ കൈകളിൽ എത്തിക്കുന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, വിവരണങ്ങൾ എല്ലാംതന്നെ അമ്മമാരുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാകും. ഇതുപയോഗിച്ച് അമ്മമാർക്ക് അനായാസം മക്കൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചു നൽകാനാകും.
ക്യു.ആർ കോഡ് സ്കാനർ, സമഗ്ര, സമേതം, സ്കൂൾ വിക്കി തുടങ്ങിയവയെ കുറിച്ചും അവയുടെ മൊബൈൽ ഉപയോഗത്തെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നടന്നു. പരിശീലന പരിപാടി ഹെഡ്മാസ്റ്റർ ആർ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഐ. ടി കോ ഒാർഡിനേറ്റർമാരായ എസ്. അംബിക, ബിജു വിക്രം എന്നിവർ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് എച്ച്. ഹസീന, സീനത്ത് ബീവി, എൻ.കെ. വിജയകുമാർ, വി. രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൗൺസിലർ നിഷാ ഉണ്ണിക്കൃഷ്ണൻ ക്ലാസെടുത്തു.