തൊടിയൂർ: നാടാകെയുള്ള ശിഷ്യൻമാരെ ഓർത്ത് എക്കാലവും അഭിമാനം കൊണ്ട ഗുരുനാഥനായിരുന്നു ചവറ വിജയൻ. അദ്ധ്യാപകനായും പിന്നീട് പത്രപ്രവർത്തകനായും അദ്ദേഹം സാമൂഹിക, സാംസ്കാരിക മേഖലകളിൽ ശോഭിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ കേരളകൗമുദിയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ച് തുടങ്ങിയിരുന്നു. പത്രാധിപർ കെ.സുകുമാരൻ കേരളകൗമുദി ദിനപത്രമായി പ്രസിദ്ധീകരണം തുടങ്ങിയ കാലം മുതൽ ചവറ ഏജന്റും ലേഖകനുമായിരുന്നു വിജയന്റെ പിതാവ് പി.എസ്.എൻ പണിക്കർ. അദ്ദേഹത്തിന്റെ സഹായിയായി പത്രത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്ന
വിജയൻ എം.എ, ബി.എഡ് പൂർത്തിയാക്കി സർക്കാർ സർവീസിൽ അദ്ധ്യാപകനായി. ദീർഘകാലം പ്രവർത്തിച്ചത് ജന്മനാടായ ചവറയിലെ ശങ്കരമംഗലം ഗവ.ഹൈസ്കൂളിലാണ്.
ഈ കാലയളവിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് അദ്ദേഹത്തെ തേടിയെത്തി. അച്ഛന്റ മരണശേഷം കേരളകൗമുദിയുടെ ഏജന്റും ലേഖകനുമായി. കഴിഞ്ഞ ദിവസംവരെ വാർത്തകളുടെ ലോകത്ത് അദ്ദേഹം ഉണ്ടായിരുന്നു.
രണ്ടുവർഷം മുൻപ് വരെ പത്രവിതരണക്കാർ എത്താത്ത ദിവസങ്ങളിൽ സൈക്കിളിൽ സഞ്ചരിച്ച് അദ്ദേഹം പത്രം വിതരണം നടത്തിയിരുന്നു. നാലാം തലമുറയിലൂടെ കടന്നുപോകുന്ന കേരളകൗമുദിയുടെ എല്ലാ സാരഥികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പത്രാധിപരുടെ കാലത്ത് ആരംഭിച്ച സൗഹൃദം ഇഴ മുറിയാതെ തുടർന്നുവന്നു. ഏറെ സ്നേഹ ബഹുമാനത്തോടെതന്നെ കേരളകൗമുദി കുടുംബവും അദ്ദേഹത്തെ കണ്ടിരുന്നു. ഒരു പത്രത്തിന്റെ മാത്രം ഏജന്റായി പ്രവർത്തിക്കുന്നവർ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ വിജയൻ അവസാനം വരെ കേരളകൗമുദിയുടെ മാത്രം ഏജന്റായിരുന്നു.
രാഷ്ട്രീയ- സാഹിത്യ - സാംസ്കാരിക മേഖലകളിലെ ഒട്ടേറെപ്പേരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. എം.എസ്. നീലകണ്ഠൻ, എൻ.ശ്രീകണ്ഠൻനായർ, ബേബിജോൺ, എം.കെ.ഭാസ്കരൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, എൻ.വിജയൻ പിള്ള എം.എൽ.എ, ഒ.എൻ.വി, വി.സാംബശിവൻ, ചവറ കെ.എസ്.പിള്ള, ചെപ്പള്ളിൽ വേലായുധൻ തുടങ്ങിയവർ ഇതിൽ ചുരുക്കം പേരാണ്.
ചവറ നല്ലേഴത്ത് മുക്കിന് സമീപത്തെ വേലിയിൽ രമ്യ ഭവനിൽ നിന്ന് എല്ലാ സായാഹ്നങ്ങളിലും കേരളകൗമുദിയുടെ കൊല്ലം പള്ളിത്തോട്ടത്തെ ഓഫീസിലേക്ക് വാർത്തകളുമായി പോയിരുന്ന ചവറ വിജയൻ അദ്ദേഹത്തെ അറിയുന്ന ഏവരുടെയും ഓർമ്മയിലുണ്ട്. തിരികെ വീട്ടിൽ എത്തുന്നത് രാത്രി വൈകിയായിരിക്കും.
ഈ ലേഖകൻ കൂടി ഭാരവാഹിയായ കരുനാഗപ്പള്ളി സർഗചേതനയുടെ ഒരു പ്രതിമാസ പരിപാടിയിൽ ചെപ്പള്ളിൽ വേലായുധന്റെ 'നീയും ഞാനും' എന്ന കാവ്യസമാഹാരത്തെപ്പറ്റി ചർച്ച സംഘടിപ്പിക്കുകയുണ്ടായി.ആ കാവ്യസമാഹാരത്തെ വിശകലനം ചെയ്തു വിജയൻ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
ഏറ്റവുമൊടുവിൽ കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ്.രവി സാറിന്റെ വിയോഗമറിഞ്ഞ് തിരുവനന്തപുരത്തേക്ക് ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഇനി എല്ലാം ഓർമ്മകളാണ്. അദ്ദേഹത്തിന്റെ വാർത്തകൾ പോലെ ശക്തമായ ഓർമ്മകൾ.