കൊട്ടാരക്കര: ലോകജനതയ്ക്ക് മുന്നിൽ വൻസാദ്ധ്യതയോടെ ആയുർവേദം വളരുകയാണെന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ പ്രസ്താവിച്ചു. പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ ഹെൽത്ത് ടൂറിസത്തിന്റെ ഭാഗമായി തയ്യാറാക്കിയ ആയുർവേദ കോട്ടേജുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് അകത്ത് മാത്രം ഒതുങ്ങിയ ചികിത്സാരീതിയായിരുന്നു ആയുർവേദം. എന്നാൽ, ലോകത്താകെ പ്രചാരം ലഭിക്കുകയും വിദേശ രാജ്യങ്ങളിൽ നിന്നു വിദ്യാർത്ഥികൾ ഇവിടെയെത്തി ആയുർവേദം പഠിച്ച് സ്വന്തം രാജ്യത്ത് ചികിത്സാ സൗകര്യങ്ങളൊരുക്കുകയാണ്. ഇവർക്ക് വേണ്ടുന്ന മരുന്നുകളുടെ കാര്യത്തിൽ വലിയൊരു വിപണി സാദ്ധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ആയുർവേദത്തിന് പ്രാധാന്യം നൽകുന്നതിന് ആയുഷ് വഴി സർക്കാർ ബൃഹത് പദ്ധതികൾ നടപ്പാക്കും. അസുഖത്തിന് മാത്രമല്ല ചികിത്സ, ശരീര ദൗർബല്യങ്ങൾക്കും ജീവിത രീതികൾക്കുംകൂടിയാണ്. മനുഷ്യനെ സമഗ്രമായി മനസ്സിലാക്കിക്കൊണ്ടുള്ള ചികിത്സാ രീതിയാണ് ആയുർവേദമെന്ന് പറയുന്നത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ പ്രൊഫ.കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഡീലക്സ് ബ്ളോക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം. എൽ.എയുടെ ആശംസാ സന്ദേശം വായിച്ചു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ കൃഷ്ണൻ സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, വൈസ് ചെയർമാൻ പ്രൊഫ.വി.എസ്.ലീ, ജോയിന്റ് സെക്രട്ടറി സലിം എം.നാരായണൻ, ട്രഷറർ കാവേരി രാമചന്ദ്രൻ, വാർഡ് മെമ്പർ അനീഷ് പാങ്ങോട് എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിയും സംഘവും ആരോഗ്യ ടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച പച്ചപ്പിന്റെ കൂടാരങ്ങൾ സന്ദർശിച്ചു.