കുന്നത്തൂർ:ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ ജലപരിശോധനയ്ക്ക് കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷക സംഘമെത്തി. വർഷങ്ങളായി തടാകത്തിലെ ജലം വാട്ടർ അതോറിറ്റി കുടിവെള്ളമായി വിതരണം ചെയ്തുവരികയാണ്. എന്നാൽ, നിറവ്യത്യാസവും ദുർഗന്ധവും തിളപ്പിക്കുമ്പോൾ പതഞ്ഞ് വരുന്നതും നിത്യസംഭവമായിരുന്നു. ആശങ്കാകുലരായ ജനങ്ങൾ വാട്ടർ അതോറിറ്റിയിൽ നിരവധിതവണ പരാതി നൽകിയെങ്കിലും ശുദ്ധീകരിച്ച കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്നായിരുന്നു അവരുടെ നിലപാട്. ശുദ്ധീകരണത്തിലോ,ശുദ്ധീകരണ പ്ലാൻറിലോ തകരാറുകൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.തടാകത്തിലെ വെള്ളത്തിന്റെ പ്രശ്നങ്ങളാകാം ഇതിന് കാരണമായി ജല അതോറിറ്റി ചൂണ്ടിക്കാട്ടിയത്. അതോറിട്ടി കൈയൊഴിഞ്ഞതോടെ വാർഡ് അംഗം എസ്.ദിലീപ് കുമാർ കൊച്ചിൻ യൂണിവേഴ്സിറ്റിയെ സമീപിച്ച് തടാക ജലം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഡിപ്പാർട്ടുമെന്റ് ഓഫ് ഓഷിയാനോഗ്രാഫി,സ്കൂൾ ഓഫ് മറൈൻ സയൻസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ഗവേഷകസംഘം എത്തിയത്.തടാക ജലത്തിലെ ഖന ലോഹങ്ങൾ,ജല കാഠിന്യം,അമ്ലത,ലവണങ്ങൾ, ബാക്ടീരിയ എന്നിവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന പ്രൊഫ.ഹബീബ് റഹ്മാൻ പറഞ്ഞു.കെ.ഷമീം,കെ.പി അമല,അജിത് കുമാർ,കെ.അനില എന്നിവർ സംഘത്തിലുണ്ട്.ഒരു മാസത്തിനകം പരിശോധനാ ഫലം അറിയാനാകും. ആറു മാസത്തിനു ശേഷം വീണ്ടും സംഘം വീണ്ടും പരിശോധന നടത്തും.