മൺറോതുരുത്ത്: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി 11 കെ.വി വൈദ്യുത ലൈനിൽ വീണ് പോസ്റ്റ് തകർന്നു. പട്ടംതുരുത്ത് വെസ്റ്റ് വാർഡിലെ വൈദ്യുത പോസ്റ്റാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തെങ്ങ് വീണ് തകർന്നത്. ഇതോടെ വാർഡിലെ ഭൂരിഭാഗം വീടുകളിലെയും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
തകർന്ന പോസ്റ്റ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ വാർഡിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങൾ കടന്നുചെല്ലാത്ത പ്രദേശമായതിനാൽ പുനഃസ്ഥാപിക്കുന്നതിനായി പോസ്റ്റ് കൊണ്ടുവരണമെങ്കിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വാഹനത്തിൽ എത്തിച്ച ശേഷം വള്ളത്തിൽ കയറ്റി പട്ടംതുരുത്ത് വെസ്റ്റിലെത്തിച്ച് പിന്നീട് കരയിലൂടെ ചുമന്ന് സ്ഥലത്തെത്തിക്കണം. അതേസമയം വാർഡിലെ വൈദ്യുതി ഇന്ന് തന്നെ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്.