photo
ജോർജ്ജ് കുട്ടി

കൊട്ടാരക്കര: സാമ്പത്തിക ശേഷിയുണ്ടെന്ന് രീതിയിൽ വ്യാജ ബാങ്ക് രേഖ ചമച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊട്ടാരക്കര കലയപുരം കല്ലുവിള വീട്ടിൽ ജോർജുകുട്ടി(65)യെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ജോർജ്കുട്ടി വിദേശത്ത് ജോലി ചെയ്തുവരുന്ന മറ്റൊരാളുമായി വസ്തു വിലയ്ക്കു വാങ്ങാൻ കരാറിലേർപ്പെട്ടിരുന്നു.കാലാവധി കഴിഞ്ഞിട്ടും വസ്തു വാങ്ങാതിരുന്നതിനെ തുടർന്ന് വിദേശ മലയാളി വിൽപന കരാർ റദ്ദുചെയ്തു.ഇതേ തുടർന്ന് ജോർജ്കുട്ടി വസ്തുവിൽപന തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് സമ്പാദിച്ചു. പരാതിക്കാരന്റെ കൈവശം പണമില്ലെന്നു കണ്ടതുകൊണ്ടാണ് കരാറിൽ നിന്നും പിൻ വാങ്ങിയതെന്ന് വസ്തു ഉടമ കോടതിയെ ബോധ്യപ്പെടുത്തി.കോടതി ജോർജ്ജുകുട്ടിയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ടു.തിരുവല്ലയിലെ "യെസ് " (വൈ.ഇ.എസ്) ബാങ്കിൽ മൂന്നു കോടി രൂപയുടെ നിക്ഷേപമുള്ളതായി കാട്ടി ബാങ്ക് രേഖ കോടതിയിൽ സമർപ്പിച്ചു. കോടതി ഇടപെട്ടു നടത്തിയ അന്വേഷണത്തിൽ അക്കൗണ്ടിൽ 87 രൂപ മാത്രമാണെന്ന് കണ്ടെത്തി. വ്യാജരേഖ ചമച്ച് കോടതിയെ കബളിപ്പിച്ചതിന് ജോർജ്ജ് കുട്ടിയെ അറസ്റ്റു ചെയ്യാൻ കോടതി ഉത്തരവിട്ടു. ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐമാരായ സാബുജി മാസ്, രാജീവ്, സി.പി.ഒമാരായ സന്തോഷ് കുമാർ,ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.