കൊല്ലം: ഭയരഹിതമായ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി പൊരുതാൻ പൗരൻമാർ തയ്യാറാകണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കാശ്മീരികൾ പൗരൻമാരാണെന്ന പ്രമേയത്തിൽ പൗരാവകാശ സംരക്ഷണ സമിതി കൊല്ലം പീരങ്കി മൈതാനിയിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർക്കുന്നവരെ വിവിധ ഏജൻസികളെ കൊണ്ട് പിടികൂടി കീഴ്പ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ. അങ്ങനെയാണ് രാജ്യസഭയിൽ മോദി സർക്കാർ ഭൂരിപക്ഷമുണ്ടാക്കിയത്. ഭയത്തിന്റെ രാഷ്ട്രീയം വളർത്തിയെടുത്ത് തങ്ങൾക്ക് ഇഷ്ടമുള്ള അജണ്ട നടപ്പാക്കി എടുക്കുകയാണ് മോദി സർക്കാരെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ മുവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. കെ സോമപ്രസാദ് എം.പി, ആർ. രാമചന്ദ്രൻ എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, ഡോ.എ. യൂനുസ്കുഞ്ഞ്, എ.കെ ഹഫീസ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് കെ. രാമഭദ്രൻ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, ഐ.എൻ.എൽ ദേശീയ ഖജാഞ്ചി എ അമീൻ, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൽസത്താർ തുടങ്ങിയവർ സംസാരിച്ചു.