കൊല്ലം: തൃക്കരുവയിൽ തെരുവ്നായ്ക്കളുടെ കടിയേറ്റ് വയോധികയടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാഞ്ഞാവെളി, കരുവ ജവാൻമുക്ക്, കൊന്നമുക്ക്, പള്ളി ജംഗ്ഷൻ ഭാഗങ്ങളിലാണ് തെരുവ്നായ്ക്കളുടെ ആക്രമണം ഉണ്ടായത്.
കിണറുവിള കുന്നുപുറത്ത് വീട്ടിൽ നൗഷാദ് (38), താന്നി കിഴക്കതിൽ നാദിയ (39), കോയിപ്പുറത്ത് വീട്ടിൽ നബീസത്ത് (80), നൗഷാദ് (40), നൗഫൽ (20), ബാബുപിള്ള (62), സലിം (46), അമ്മിണിഅമ്മ(66) എന്നിവർക്കാണ് കടിയേറ്റത്. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ആക്രമണം തുടർന്നതോടെ നായകളിലൊന്നിനെ നാട്ടുകാർ സംഘടിച്ച് തല്ലിക്കൊന്നു. നാട്ടുകാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നായ പിന്നീട് സ്റ്റേഡിയം വാർഡിൽ നാലുപേരെ കടിച്ചു.
തൃക്കരുവയിൽ കഴിഞ്ഞ നാല് മാസത്തലിനിടെ നിരവധി തവണയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പിഞ്ചുകുഞ്ഞടക്കം മുപ്പതോളം പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.