c
സി.ഐ.ടി.യു ജില്ലാസമ്മേളനം കൊല്ലത്ത്

കൊല്ലം: സി.ഐ.ടി.യു ജില്ലാ സമ്മേളനം നവംബർ 11, 12 തീയതികളിൽ കൊല്ലം നഗരത്തിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

11ന് രാവിലെ 10 മണിക്ക് സി. കേശവൻ സ്മാരക ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. 12ന് 3മണിക്ക് ആശ്രാമം മൈതാനത്ത് നിന്ന് അരലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന മഹാറാലി ആരംഭിക്കും. വൈകിട്ട് 5ന് ക്യു.എ.സി ഗ്രൗണ്ടിൽ പൊതുസമ്മേളനം.

മുന്നോടിയായി ഇന്ന് രാവിലെ 1000 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. നാളെ രാവിലെ അമ്പനാട്ട് തേയില നുള്ള് മത്സരം. 3ന് അഞ്ചാലുംമൂട്ടിൽ കയർപിരി മത്സരവും പഴയകാല തൊഴിലാളികളുടെ കുടുംബസംഗമവും. 4ന് കുണ്ടറ കൊറ്റങ്കരയിൽ കശുഅണ്ടി തൊഴിലാളികൾ പങ്കെടുക്കുന്ന കശുഅണ്ടിതല്ല് മത്സരം. 5ന് പുനലൂരിൽ റബർ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് സെമിനാർ. 8ന് സാമ്പത്തിക മാന്ദ്യം എങ്ങനെ പൊതുസമൂഹത്തെയും തൊഴിലാളികളെയും ബാധിക്കുന്നു എന്ന വിഷയത്തിൽ ചിന്നക്കടയിൽ നടക്കുന്ന ഓപ്പൺ സെമിനാർ മുൻ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്യും. നവംബർ 10ന് കഴുതുരുട്ടി, ചവറ എന്നിവിടങ്ങളിൽ നിന്ന് പതാക, കൊടിമര ജാഥകൾ ആരംഭിച്ച് രാത്രി 7 മണിയോടെ സമ്മേളന നഗരിയിലെത്തി പതാക ഉയർത്തും.

കേരളത്തിൽ സി.ഐ.ടി.യുവിന് ഏറ്റവും കൂടുതൽ യൂണിയനുകളും അംഗങ്ങളുമുള്ള ജില്ലയാണ് കൊല്ലം. 105 യൂണിയനുകളിലായി 3 ലക്ഷം അംഗങ്ങളാണുള്ളത്. എ.എം. ഇക്ബാൽ, ഇ.ഷാനവാസ്ഖാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.