venu
കെ.എസ്.വേണുഗോപാൽ

 അഡ്വ. ജി. രാജേന്ദ്രപ്രസാദ് യു.ഡി.എഫ് ജില്ലാ കൺവീനർ

കൊല്ലം: ആർ.എസ്.പി. ജില്ലാ സെക്രട്ടറിയായി കെ.എസ്. വേണുഗോപാലിനെയും യു.ഡി.എഫ്. ജില്ലാ കൺവീനറായി ജി. രാജേന്ദ്ര പ്രസാദിനെയും ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ഈ സ്ഥാനങ്ങൾ വഹിച്ചിരുന്ന അഡ്വ.ഫിലിപ്പ് കെ.തോമസിന്റെ നിര്യാണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.

സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആദ്യം ചേർന്ന ജില്ലാ എക്സിക്യുട്ടീവിലും പിന്നീട് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലും അവതരിപ്പിച്ചു. നിർദ്ദേശം ഇരു യോഗങ്ങളും എതിർപ്പില്ലാതെ അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ചോർന്നതിനെതിരെ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു.

സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് വെടിവയ്പ്പിന്റെ നിജസ്ഥിതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പല ജില്ലകളിലും

സെക്രട്ടറിയായ

വേണുഗോപാൽ

കൊട്ടാരക്കര പുത്തൂർ സ്വദേശിയായ കെ.എസ്. വേണുഗോപാൽ (67) നിലവിൽ ആർ.സി.പി ദേശീയ സമിതി, സംസ്ഥാന സെക്രട്ടറിയേറ്റ് എന്നീ ഘടകങ്ങളിൽ അംഗമാണ്. നേരത്തെ ആലപ്പുഴ, വയനാട്, തൃശൂർ ജില്ലാ കമ്മിറ്റികളിൽ സംഘടനാ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഐക്യകർഷക സംഘം, യു.ടി.യു.സി എന്നിവയുടെയും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമാണ്. ഖാദി ബോർഡ്, ഹൗസിംഗ് ബോർഡ് എന്നിവയിൽ അംഗമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലയളവിൽ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്നു. യു.ഡി.എഫ് ജില്ലാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ജി. രാജേന്ദ്ര പ്രസാദ് മുൻ പി.എസ്.സി അംഗമാണ്. പരവൂർ സ്വദേശിയാണ്.