photo
റോഡും ഗ്രൗണ്ടും വെള്ളക്കെട്ടായി മാറിയ താലൂക്ക് ഹോമിയോ ആശുപത്രി.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രിയുടെ ഗ്രൗണ്ടും ചുറ്റുമുള്ള പ്രദേശങ്ങളുമാകെ കനത്ത മഴയിൽ വെള്ളക്കെട്ടായി. ആശുപത്രിയുടെ മുന്നിലുള്ള റോഡിൽ കെട്ടി നിൽക്കുന്ന മഴവെള്ളമാണ് ആശുപത്രി ഗ്രൗണ്ടിലേക്ക് ഒലിച്ചിറങ്ങുന്നത്. ആശുപത്രിയുടെ ഗ്രൗണ്ട് റോഡിനേക്കാൾ താഴ്ന്ന് കിടക്കുന്നതാണ് മഴവെള്ളം ഗ്രൗണ്ടിലേക്ക് ഒഴുകാൻ കാരണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ ദിനംപ്രതി 200 ഓളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. 10 ഓളം രോഗികളെ ആശുപത്രിയിൽ കിടത്തിയും ചികിത്സിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മഴ മാറിയാലും ആശുപത്രി ഗ്രൗണ്ടിലെ വെള്ളക്കെട്ടിന് ശമനം ഉണ്ടാകില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ ആശുപത്രി പരിസരത്ത് ഇഴജന്തുക്കളുടെ ശല്യം വ്യാപകമാണെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. കരുനാഗപ്പള്ളി ടൗണിൽ നിന്ന് 4 കിലോമീറ്ററോളം യാത്ര ചെയ്താണ് രോഗികൾ ആശുപത്രിയിലെത്തുന്നത്.

200 ഓളം രോഗികളാണ് ആശുപത്രിയിൽ ദിനംപ്രതി ചികിത്സ തേടി എത്തുന്നത്

10 ഓളം രോഗികളെ ആശുപത്രിയിൽ കിടത്തിയും ചികിത്സിക്കുന്നുണ്ട്

വെള്ളക്കെട്ടിന് പരിഹാരം നാട്ടുകാർ പറയുന്നു

ഇത്താംപള്ളി - മാമ്പറ ജംഗ്ഷൻ റോഡിന്റെ വടക്ക് ഭാഗത്തു കൂടിയാണ് ഓട നിർമ്മിച്ചിരിക്കുന്നത്. റോഡ് ഭൂ നിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്നതിനാൽ റോഡിന്റെ തെക്ക് ഭാഗത്ത് നിന്ന് വടക്കോട് വെള്ളം ഒഴുകി ഓടയിലേക്ക് എത്താറില്ല. ഇതു കാരണം നിരവധി വീടുകളും കാഞ്ഞിരവേലി ക്ഷേത്രവും, താലൂക്ക് ഹോമിയോ ആശുപത്രിയും വെള്ളക്കെട്ടിലാണ്. ഇത്താംപള്ളി ജംഗ്ഷനിൽ റോഡ് മുറിച്ച് കുറുകേ ഓടയിട്ടാൽ വെള്ളം ഒഴുകി പ്രധാന ഓട വഴി ടി.എസ് കനാലിലെത്തും. ഇതോടെ താലൂക്ക് ഹോമിയോ ആശുപത്രി ഉൾപ്പെടെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

ബുദ്ധിമുട്ടി രോഗികൾ

വെള്ളം കെട്ടി നിൽക്കുന്ന ഗ്രൗണ്ടിലൂടെ വളരെ പണിപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കേണ്ട ഗതികേടിലാണ് രോഗികൾ. പ്രായാധിക്യം ചെന്ന രോഗികളാണ് മഴവെള്ളം താണ്ടി ആശുപത്രിയിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നത്. ആശുപത്രിയുടെ മുൻവശത്തുള്ള റോഡിൽ ഇപ്പോൾ തന്നെ ഒരടിയോളം ഉയരത്തിൽ വെള്ളം കെട്ടി നിൽക്കുകയാണെന്ന് രോഗികൾ പറയുന്നു. കരുനാഗപ്പള്ളി , ഓച്ചിറ, കുലശേഖരപുരം, തൊടിയൂർ, നീണ്ടകര, പാവുമ്പ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള രോഗികളാണ് പ്രധാനമായും കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രിയെ ആശ്രയിക്കുന്നത്.