കൊല്ലം: പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എസ്.ഫെയ്‌സിയെ യു.എൻ ജൈവ വൈവിധ്യ ഉടമ്പടിയുടെ പരിസ്ഥിതി വിദ്യാഭ്യാസത്തിനും ബോധവത്കരണത്തിനുമുള്ള അന്താരാഷ്ട്ര ഉപദേശ സമിതി അംഗമായി തിരഞ്ഞെടുത്തു. കൊല്ലം പോരുവഴി സ്വദേശിയാണ്.
ജൈവവൈവിധ്യം സംബന്ധിച്ച വിദ്യാഭ്യാസത്തിനും ആശയവിനിമയത്തിനുമുള്ള അന്താരാഷ്ട്ര രൂപരേഖയുടെ കരട് തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല. പതിനാലംഗ സമിതിയിൽ ഏഷ്യയിൽ നിന്ന് മൂന്നു പേരുണ്ട്.
യു. എന്നിന്റെ ആഭിമുഖ്യത്തിലുള്ള ജൈവവൈവിധ്യ ഉടമ്പടിയുടെ രൂപീകരണ ചർച്ചകളിലും ഭൗമ ഉച്ചകോടി, ജൊഹാന്നസ്ബർഗ് ഉച്ചകോടി എന്നിവയിലും വികസ്വര രാജ്യങ്ങളുടെ പൊതുവേദിയായ ജി-77ലും ഉപദേശകനായിരുന്നു ഡോ.ഫെയ്‌സി. വിവിധ രാജ്യങ്ങളിൽ ഐ.യു.സി.എൻ, യു.എൻ.ഡി.പി എന്നിവയുടെ കൺസൾട്ടന്റ് ആയിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനുള്ള ജപ്പാൻ ഏജൻസിയുടെ ഗുജറാത്തിലെ വനവികസനപദ്ധതി രൂപീകരണസംഘത്തിന്റെ തലവനും പശ്ചിമ ബംഗാൾ വനപരിപാലന പദ്ധതിയുടെ ഉപദേശകനുമാണ്. ജന്തുപെരുമാറ്റപഠനം നടത്തുന്ന ശാസ്ത്രജ്ഞരുടെ ദേശീയ സംഘടനയായ എത്തോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ്. യു.എൻ പരിസ്ഥിതി പരിപാടിയുടെ ഗ്ലോബൽ 500 പുരസ്‌കാരവും സെർബിയൻ സർക്കാരിന്റെ ആജീവനാന്ത നേട്ടത്തിനുള്ള ബഹുമതിയും നേടിയിട്ടുണ്ട് .