f
പാരിപ്പള്ളി ഐ.ഓ.സി. ബോട്ടിലിംഗ് പ്ലാന്റിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായി നടന്ന മോക്ഡ്രിൽ

 ഇന്റഗ്രേറ്റഡ് എൽ.എൻ.ജി തിരുവനന്തപുരം ആനയറയിൽ ഉടൻ തുടങ്ങും

കൊല്ലം:ഇന്ത്യൻ ഓയിൽ കോർപറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷം 4.8 ലക്ഷം ടൺ എൽ.പി.ജി സിലിണ്ടറുകൾ കേരളത്തിൽ വിറ്റഴിച്ചതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരളയുടെ ചീഫ് ജനറൽ മാനേജർ വി.സി.അശോകൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5 ലക്ഷം ടൺ വിൽപ്പനയാണ് നടപ്പ് സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ റീട്ടെയിൽ ഔട്ട്‌ലറ്റ് വിപുലീകരണത്തിനായി 500 കോടി രൂപ നിക്ഷേപിക്കും.

ഇന്റഗ്രേറ്റഡ് എൽ.എൻ.ജി തിരുവനന്തപുരം ആനയറയിൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

52 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇൻഡേൻ എൽ.പി.ജിക്ക് കേരളത്തിലുള്ളത്.

വിഷൻ റീഡർ ഫയർ എൻജിൻ, 425 കിലോയുടെ സിലിണ്ടർ ഫില്ലിംഗ് സിസ്റ്റം, കൊച്ചി ബോട്ടിലിംഗ് പ്ലാന്റിലെ ഓട്ടമേറ്റഡ് ട്രക്ക് ലോഡിംഗ് തുടങ്ങിയ പദ്ധതികൾക്കായി 30.34 കോടി രൂപയും കൊല്ലം പാരിപ്പള്ളി പ്ലാന്റിലെ ഷെഡ് വികസനം, കൊച്ചി പ്ലാന്റിലെ ‍ഡീ–ബോട്ടിലിംഗ് നെക്കിംഗ്, കൊച്ചി പ്ലാന്റിലെ 180 കെ.വി സോളർ കാർ പോർട്ട്, 750 കെ.വി സോളർ ഫാം എന്നിവയ്‌ക്കായി 47.81 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം ഐ.ഒ.സിയുടെ 912 റീട്ടെ‌യിൽ ഔട്ട്‌ലറ്റുകളും പൂർണമായി ഓട്ടമേറ്റഡ് ആക്കും.
എൽ.പി.ജിക്ക് പുറമേ സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ ഇടപ്പള്ളിയിൽ തുടങ്ങിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ എൽ.പി.ജി വിഭാഗം ജനറൽ മാനേജർ സി.എൻ.രാജേന്ദ്രകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ടി.ഡി.സാബു, ഇന്ത്യൻ ഓയിൽ സതേൺ റീജിയൻ ജനറൽ മാനേജർ ആർ.ചിദംബരം, കൊല്ലം ബോട്ടിലിംഗ് പ്ലാന്റ് ഡപ്യൂട്ടി ജനറൽ മാനേജർ രവിഗോവിന്ദൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 പാരിപ്പള്ളിയിൽ 425 കിലോ സിലിണ്ടറിന്റെ

ഫില്ലിംഗ് ആരംഭിക്കും

പാരിപ്പള്ളിയിലെ ബോട്ടിലിംഗ് പ്ലാന്റിൽ മൂന്ന് മാസത്തിനുള്ളിൽ 425 കിലോഗ്രാം സിലിണ്ടറിന്റെ ഫില്ലിംഗ് ആരംഭിക്കും. കൊച്ചിയിലെ പ്ലാന്റിൽ മാത്രമാണ് ഇപ്പോൾ 425 കിലോ സിലിണ്ടറിന്റെ ഫില്ലിംഗ് നടക്കുന്നത്. വൻകിട വ്യവസായ ശാലകൾക്കാവശ്യമായ ഇത്തരം സിലിണ്ടറുകൾ ജില്ലയിൽ ചവറ കെ.എം.എം.എൽ ഉപയോഗിക്കുന്നുണ്ട്.

 പാരിപ്പള്ളി ബോട്ടിലിംഗ് പ്ലാന്റിൽ മോക്ക് ഡ്രിൽ

വാതക ചോർച്ചയുണ്ടായാൽ എങ്ങനെ നിയന്ത്രിക്കുമെന്ന് ജീവനക്കാരെ പരിശീലിപ്പിക്കുന്ന മോക്ക് ഡ്രിൽ ഇന്നലെ പാരിപ്പള്ളി ബോട്ടിലിംഗ് പ്ലാന്റിൽ നടത്തി. പാരിപ്പള്ളി പ്ലാന്റിലെ ആധുനിക ഉപകരണങ്ങളുടെ മികവും ആയിരം ടൺ വരുന്ന എൽ.പി.ജി കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന സുരക്ഷാ മുൻകരുതലുകളും ബോധ്യപ്പെടുത്തുന്നതായിരുന്നു മോക്ക് ഡ്രിൽ.