മൺറോതുരുത്ത്: കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ വേലിയേറ്റം മൺറോതുരുത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലേക്ക് പാതിരാത്രി വെള്ളം ഇരച്ചുകയറുകയായിരുന്നു.
രണ്ടാഴ്ചകൾക്ക് മുമ്പ് ശക്തമായിരുന്ന വേലിയേറ്റം ശക്തി കുറഞ്ഞ രീതിയിൽ തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയാണ് അപ്രതീക്ഷിതമായി വേലിയേറ്റം ശക്തി പ്രാപിച്ചത്. പലപ്പോഴും പാതിരാത്രിക്ക് ശേഷമാണ് വേലിയേറ്റം ശക്തി പ്രാപിക്കുന്നത്. നിരന്തര വേലിയേറ്റത്തിൽ അടിസ്ഥാനവും ഭിത്തികളും ദ്രവിച്ചിരിക്കുന്ന വീടുകളിൽ താമസിക്കുന്നവർക്ക് രാത്രി കാലങ്ങളിൽ ഉറക്കം നഷ്ടപ്പെടുകയാണ്. പുലരുമ്പോൾ വെെള്ളം ഇറങ്ങിത്തുടങ്ങും. കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും വേലിയേറ്റത്തിന്റെ തള്ളിക്കയറ്റത്തിന് കാരണമാകുന്നുണ്ട്. വേലിയേറ്റവും മഴയും ശക്തമായി തുടരുന്നതിനാൽ പല വീടുകളിലും ആഹാരം പാകം ചെയ്യുന്നതിന് പോലും ബുദ്ധിമുട്ടനുഭവപ്പെടുകയാണ്.
കിടപ്പുറം വടക്ക്, തെക്ക്, പെരുങ്ങാലം, കൺട്രാംകാണി, പട്ടംതുരുത്ത് ഈസ്റ്റ് വെസ്റ്റ്, നെന്മേനി തെക്ക് വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് വേലിയേറ്റത്തിൽ മുങ്ങി നിൽക്കുന്നത്. മൺറോതുരുത്തിൽ റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ഏറെ ഗുരുതരം. ഇവർക്ക് യാത്രാ മാർഗ്ഗങ്ങളില്ലാതതിനാൽ കിലോമീറ്ററോളം വെള്ളത്തിലും ചെളിയിലും ചവിട്ടി യാത്ര ചെയ്ത് വേണം ദൈനംദിന ജോലിക്ക് പോകാൻ. വൃദ്ധരുടെയും കുട്ടികളുടെയും സ്ഥിതി പരമദയനീയമാണ്.
വേലിയേറ്റം ദുരന്തമായി കണക്കാക്കാത്തതിനാൽ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും മൺറോതുരുത്തുകാർക്ക് ലഭിക്കുന്നില്ല. പുനരധിവാസമുൾപ്പെടെയുള്ള പല പദ്ധതികളും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 'മൺറോ വിശേഷം' വാട്സ്ആപ് കൂട്ടായ്മമയിലെ യുവാക്കൾ അതീവ ദുരിതമനുഭവിക്കുന്ന കുറച്ച് കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തിരുന്നു. ദിനംപ്രതി മൺറോതുരുത്തിൽ ജനങ്ങളുടെ സ്വൈര്യജീവിതം കലുഷിതമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കൺട്രോൾ റൂം തുറന്നു
ശക്തമായ വേലിയേറ്റവും, മഴയും തുടരുന്നതിനാൽ മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 04742542360, 9496534709, 9744982264.