കൊട്ടിയം: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകളിലും കടകളിലും പരിശോധന നടത്തി. മഴക്കാലത്ത് മാർക്കറ്റുകളിൽ മായം കലർന്ന മത്സ്യം വിൽപ്പനയ്ക്കെത്തിക്കുന്ന സാധ്യത കണക്കിലെടുത്താണ് പരിശോധന നടത്തിയത്. ഹൈറാപ്പിഡ് ഫോർമാലിൻ ടെസ്റ്റ് കിറ്റ്, അമോണിയ ടെസ്റ്റ് കിറ്റ് എന്നിവ ഉപയോഗിച്ച് മത്സ്യങ്ങളിൽ ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിദ്ധ്യമുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ കടപ്പുറത്തെ മണൽ ഉപയോഗിച്ച് മത്സ്യം വിൽക്കാൻ പാടില്ലെന്ന് കച്ചവടക്കാർക്ക് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ക്വിക്ക് റെസ്പോൺസ് ടീം നടത്തിയ പരിശോധനയിൽ മായം കലർന്ന മത്സ്യം കണ്ടെത്തിയില്ല. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടോ എന്നറിയുന്നതിനായാണ് പുളിയത്ത്മുക്ക് ഭാഗത്തും നഗരത്തിലെ കടകളിലും പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഓഫീസർ മാനസയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.