photo
മുളവനയിലെ തകർന്നുകിടക്കുന്ന റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു

കുണ്ടറ: കൊട്ടിഘോഷിച്ചുള്ള പള്ളിമുക്ക് - മൺറോതുരുത്ത് റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായെങ്കിലും പുനർനിർമ്മാണം അനിശ്ചിതത്വത്തിൽ. ഇതോടെ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിന്റെ അവസ്ഥയിൽ പ്രദേശവാസികൾ ഇനിയുമേറെക്കാലം ദുരിതമനുഭവിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായ മട്ടാണ്.

ബി.എം ആൻഡ് ബി.സി ലെവലിൽ നിർമ്മിക്കുന്ന റോഡിനായി കിഫ്ബി ഫണ്ടിൽ നിന്ന് 25.8 കോടി രൂപയാണ് അനുവദിച്ചത്. 2018 ജൂലായ് 7ന് മന്ത്രി ജി. സുധാകരൻ മുളവന ഇരുനില മുക്കിൽ ചേർന്ന യോഗത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിധ്യത്തിൽ റോഡിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിച്ചു. ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴും റോഡ് നിർമ്മാണം മാത്രം തുടങ്ങിയില്ല.

 വെട്ടിപ്പൊളിക്കാൻ ആവേശം, പുനർനിർമ്മിക്കാൻ അനാസ്ഥ

ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി ഒരു മീറ്ററിലധികം വ്യാസമുള്ള ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ആഴത്തിൽ കുഴിയെടുത്തതാണ് പ്രദേശത്തെ ജനങ്ങളെ മുഴുവൻ ദുരിതത്തിലാക്കുന്ന അവസ്ഥയിലേക്ക് റോഡിനെ എത്തിച്ചത്. പൈപ്പിടുന്നതിനായി റോഡിന്റെ പകുതിയും അഞ്ച് മീറ്ററോളം ആഴത്തിൽ വെട്ടിമുറിച്ചു. പൈപ്പുകൾ സ്ഥാപിച്ച് കുഴികൾ മൂടിയെങ്കിലും പൊട്ടിമുക്ക് മുതൽ മുളവന വരെയുള്ള ഭാഗം വേനൽക്കാലത്ത് അന്തരീക്ഷം മുഴുവൻ മൂടുന്ന പൊടിയും മഴപെയ്താൽ ചെളിയും നിറയുന്ന സ്ഥിതിയായി. പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായാൽ ഉടൻ തന്നെ റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അധികൃതർ നൽകിയിരുന്ന ഉറപ്പ്.

 ജീവിതം വഴിമുട്ടി വ്യാപാരികൾ

പൈപ്പ് സ്ഥാപിക്കുന്ന പണികൾ ആരംഭിച്ചതോടെ അടച്ചിട്ട് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ കുഴികൾ മൂടിയതോടെ തുറന്നുവച്ചെങ്കിലും പൊടിശല്യം മൂലം വീണ്ടും അടച്ചിടേണ്ട സാഹചര്യമായി. മാസങ്ങളോളം വ്യാപാരം നിലച്ച് ജീവിതം വഴിമുട്ടിയ വ്യാപാരികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും പരിഹാരം മാത്രം ഉണ്ടായില്ല. മുളവനയിൽ സജീവമായിരുന്ന ചന്തയും കമ്പോളവുമെല്ലാം ഇന്ന് വിജനമാണ്. പൊട്ടിമുക്ക് മുതൽ പള്ളിമുക്ക് വരെ രണ്ട് കിലോമീറ്റർ റോഡിന്റെ ഇരുവശത്തുമുള്ള വ്യാപാരികളുടെ ജീവിതം വഴിമുട്ടിയിട്ട് വർഷം ഒന്നു പിന്നിട്ടിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല.

 അപകടങ്ങൾ നിത്യസംഭവമായി

മഴക്കാലത്ത് റോഡിൽ ചെളിവെള്ളം കെട്ടിയതോടെ ബൈക്ക് യാത്രക്കാർ റോഡിൽ തെന്നിവീണ് പരിക്കേൽക്കുന്നത് പൊട്ടിമുക്ക് - മുളവന റോഡിൽ പതിവുകാഴ്ചയായി. റോഡേത് കുഴിയേതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ ഇതുവഴി സഞ്ചരിക്കുന്നത്. അപകടഭീഷണിയുയർത്തുന്ന റോഡിന്റെ അവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥയിൽ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്.

 നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമില്ല. മഴ മാറിയാലുടൻ റോഡ് പണി ആരംഭിക്കും.

കീർത്തി (എ.ഇ, പി.ഡബ്ലിയു.ഡി കുണ്ടറ)

 റോഡിലെ ചെളിയും പൊടിയും കാരണം മുളവനയിലെ വ്യാപാരികൾ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നുകഴിഞ്ഞു. റോഡിന്റെ ദുരവസ്ഥ കാരണം ജനങ്ങൾ മുളവനയിലേക്ക് എത്താതെ ആയി. മുളവന കമ്പോളം വിജനമാണ്.

അജി സോമൻ (വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, മുളവന യൂണിറ്റ്)