കൊല്ലം: ജലക്ഷാമം നേരിടുന്നതിന് കൊല്ലം കോർപ്പറേഷൻ ആവിഷ്കരിച്ച അമൃത് മഴവെള്ള സംഭരണ പദ്ധതിക്ക് തുടക്കമായി. മങ്ങാട് ഗവൺമെന്റ് എച്ച് .എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ വി. രാജേന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയുടെ വരദാനമായ ജലം സംരക്ഷിക്കാതെ പൊതുസമൂഹത്തിന് ഇനി മുന്നോട്ട് പോകാൻ ആവില്ലെന്ന് മേയർ പറഞ്ഞു. മഴവെള്ളത്തെ സംഭരിച്ച് പുനരുപയോഗിക്കുന്ന രീതി കോർപ്പറേഷൻ പരിധിയിലെ എല്ലാ ഭവനങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യം. നാലായിരം ഭവനങ്ങളിൽ ആദ്യഘട്ടമെന്ന നിലയിൽ സംവിധാനം ലഭ്യമാക്കുമെന്നും മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം എ സത്താർ, എസ് ഗീതാകുമാരി, പി ജെ രാജേന്ദ്രൻ, ചിന്ത എൽ സജിത്ത്, ടി ആർ സന്തോഷ് കുമാർ, കൗൺസിലർമാരായ എസ് പ്രസന്നൻ, മോഹനൻ, ചന്ദ്രികാ ദേവി, പദ്ധതി നിർവഹണ ഏജൻസിയായ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വകയിരുത്തിയ തുക: 5.34 കോടി രൂപ
ഒരു യൂണിറ്റിന്റെ ചെലവ്: 12,700 രൂപ
ഗുണഭോക്താവിന്റെ വിഹിതം: 3,255 രൂപ മാത്രം
സർക്കാർ സബ്സിഡി: 75 ശതമാനം
പ്രവർത്തനം:
മേൽക്കൂരയിൽ നിന്ന് മഴവെള്ളത്തെ പൈപ്പിലൂടെ ഫിൽറ്റർ ചെയ്ത് സംഭരണ ടാങ്കിലേക്ക് ശേഖരിക്കുന്നു.ഈ വെള്ളം ടാപ്പ് വഴി വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാം. ടാങ്കിലേക്ക് അധികമായി എത്തുന്ന ജലത്തെ കിണർ റീചാർജിംഗിനായി ഉപയോഗിക്കുന്നതിനും സംവിധാനമുണ്ട്.
ന്യൂനമർദ്ദം: ആരോഗ്യ
വകുപ്പ് സുസജ്ജം
കൊല്ലം: അറബിക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ചതായുള്ള അറിയിപ്പിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വി വി ഷേർളി അറിയിച്ചു.
ജില്ലാതലത്തിൽ ദ്രുതകർമസേന പ്രവർത്തനസജ്ജമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ ആശുപത്രികളും 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ആശുപത്രിക്കും നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകേണ്ട സാഹചര്യം ഉണ്ടായാൽ അതിനാവശ്യമായ ടീമിനെയും രൂപീകരിച്ചു. എല്ലാ ആശുപത്രികളിലും അവശ്യ മരുന്നുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തി. ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അടിയന്തര ഘട്ടങ്ങളിൽ 04742797609 നമ്പരിൽ ബന്ധപ്പെടാമെന്നും ഡി എം ഒ അറിയിച്ചു.