cashew-meeting
കശുഅണ്ടി തൊഴിലാളികൾക്ക് മിനിമം കൂലി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ ചേംബറിൽ മന്ത്റി ​ടി.പി. രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന തൊഴിലാളി പ്രതിനിധികളുടെയും കശുവണ്ടി ഉടമകളുടെയും യോഗം. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, പി.കെ ഗുരുദാസൻ തുടങ്ങിയവർ സമീപം

കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കാൻ കശുഅണ്ടി ഉടമകളുമായി ധാരണയായതായി മന്ത്റി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
ഈ ആവശ്യം ഉന്നയിച്ച് സി.ഐ.​റ്റി.യു നടത്തി വന്ന സമരവുമായി ബന്ധപ്പെട്ട് നിയമസഭാ ചേംബറിൽ തൊഴിൽ മന്ത്റി ​ടി.പി. രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന തൊഴിലാളി പ്രതിനിധികളുടെയും കശുവണ്ടി ഉടമകളുടെയും യോഗത്തിലാണ് മന്ത്റി ഇക്കാര്യം അറിയിച്ചത്.
തുച്ചമായ വേതനം പോലും പൂർണമായി നൽകാത്ത രീതിയിലാണ് ചില കശുഅണ്ടി ഫാക്ടറി ഉടമകൾ വ്യവസായം നടത്തുന്നത്. കൂലി ബഹിഷ്‌കരണവുമായാണ് തൊഴിലാളികൾ വിവിധ ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. കശുഅണ്ടി മേഖലയിലുണ്ടായ അനിശ്ചിതത്വത്തിന്റെ ഭാഗമായാണ് മിനിമം കൂലി നൽകാൻ കഴിയാത്തതെന്ന ഉടമകളുടെ വാദം ശരിയല്ലെന്ന് മന്ത്റി പറഞ്ഞു.
ഇതിൽ നിന്ന് മാറി നിൽക്കുന്ന ഫാക്ടറി ഉടമകൾക്കെതിരെ ശക്തമായ നിയമ നടപടി നവംബർ മുതൽ ഉണ്ടാകുമെന്നും മന്ത്റി പറഞ്ഞു. മിനിമം കൂലി നൽകിത്തന്നെ വ്യവസായം ലാഭത്തിൽ കൊണ്ടു പോകാൻ കഴിയുന്ന അവസ്ഥയാണിപ്പോൾ. തോട്ടണ്ടി വിലക്കുറവും പരിപ്പിന്റെ ഉയർന്ന വിലയും വ്യവസായത്തിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷവും നല്ല രീതിയിൽ വ്യവസായത്തെ ഉത്തേജിപ്പിക്കുന്ന അവസ്ഥയാണ്.
കശുഅണ്ടി വ്യവസായം നിലനിർത്താൻ എല്ലാവിധ സഹകരണവും സർക്കാർ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്റി ​ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
യോഗത്തിൽ തൊഴിലാളികളെ പ്രതിനിധീകരിച്ച് പി.കെ. ഗുരുദാസൻ, കെ. രാജഗോപാൽ, ബി. തുളസീധര കുറുപ്പ്, കരിങ്ങന്നൂർ മുരളി, മുരളി മടന്തകോട് എന്നിവരും ഉടമകളായ ബാബു ഉമ്മൻ, ഇബ്റോൺ വർഗ്ഗീസ്, റാണിഷ് കുമാർ എന്ന നസീർ, നിസ്സാമുദ്ദീൻ, ബിജു, റഫീക്, എസ്.ആർ. ശ്രീകൃഷ്ണൻ, സുജിൻ, ലേബർ കമ്മിഷണർ സാജൻ.സി.വി, മ​റ്റു ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.