കൊല്ലം: വാളയാർ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. കളക്ടറേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡ് എ.ബി.വി.പി പ്രവർത്തകർ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ലിങ്ക് റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളക്ടറേറ്റിന് സമീപമെത്തിയത്. ബാരിക്കേഡ് തകർത്ത് തള്ളിക്കയറാനുള്ള ശ്രമം പൊലീസ് ആദ്യം സംയമനത്തോടെ നേരിട്ടെങ്കിലും പിന്നീട് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ ചിതറിയോടിയ പ്രവർത്തകർ പിന്നീട് മടങ്ങിയെത്തി കുത്തിയിരിപ്പ് സമരം നടത്തി.
തുടർന്ന് നടന്ന ധർണ ജില്ലാസമിതി അംഗം ആതിര വിജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗം ബി. ഗോകുൽ, ദേശീയ നിർവാഹകസമിതി അംഗം കെ.എം. രവിശങ്കർ ജില്ലസെക്രട്ടറി കെ.എസ്. കാർത്തിക് തുടങ്ങിയവർ സംസാരിച്ചു.