f
കൊല്ലത്ത് കലാവിരുന്നൊരുക്കി ത്രിനേത്ര നൃത്ത സംഗീതോത്സവം

കൊല്ലം: നടനവേദിയിൽ അപൂർവാനുഭവമാകാൻ ത്രിനേത്ര ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ആറാമത് എഡിഷന് വേദിയൊരുങ്ങുന്നു. പ്രമുഖ ശാസ്ത്രീയ നൃത്തോത്സവങ്ങളുടെ നിരയിൽ സ്ഥാനം നേടിയ ഫെസ്റ്റിവൽ നവംബർ 15, 16, 17 തീയതികളിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഒഡീസി, കഥക്, ഭരതനാട്യം എന്നീ നൃത്തരൂപങ്ങളിൽ ലോക വേദികളിൽ ശ്രദ്ധ നേടിയ അതുല്യ നർത്തകർ അരങ്ങിലെത്തുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത.

ഒഡീസിയുടെ വിസ്മയമായ അരുണ മൊഹന്തി, കഥകിലെ അതുല്യ പ്രതിഭ മുരളീ മോഹൻ, കഥകിലും ഭരതനാട്യത്തിലും ഒരുപോലെ പ്രഗത്ഭയായ നന്ദിനി മേത്ത, ഭരതനാട്യ വേദികളിൽ അദ്ഭുതമുണർത്തുന്ന ദമ്പതികളായ ഷിജിത് നമ്പ്യാർ പാർവതി മേനോൻ എന്നിവരാണ് വേദിയിൽ എത്തുന്നത്. 15ന് ഒഡീസി, 16ന് കഥക്, 17ന് ഭരതനാട്യം എന്നിങ്ങനെയാണ് അവതരണക്രമം. വൈകിട്ട് ആറിന് പരിപാടി ആരംഭിക്കും.

ഭരതനാട്യം, കുച്ചിപ്പുഡിയിൽ ദേശീയശ്രദ്ധ നേടിയ നീലമന സിസ്റ്റേഴ്‌സ് ഡോ. ദ്രൗപദി പ്രവീൺ, ഡോ. പദ്മിനി കൃഷ്ണൻ, നാട്യപ്രിയ ഡാൻസ് അക്കാഡമി, വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സേവ് കിഡ്‌നി ഫൗണ്ടേഷൻ എന്നിവരാണ് ത്രിനേത്ര ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന് ആശയവും സാക്ഷാത്കാരവും നിർവഹിക്കുന്നത്.പ്രവേശനം സൗജന്യ പാസ് മുഖേനയായിരിക്കും. പാസുകൾക്ക് 9446592973 9746317744 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണം.