കരുനാഗപ്പള്ളി: കെ.എം.എം.എൽ കമ്പനിയുടെ പ്രവർത്തനം മൂലം മലിനമാക്കപ്പെട്ട ചിറ്റൂർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും സ്ഥലം എം.എൽ.എയും നടത്തുന്ന പൊറാട്ട് നാടകം അവസാനിപ്പിക്കണമെന്ന് ആർ.എസ്.പി നേതാവ് ഷിബുബേബിജോൺ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 3 മാസമായി ചിറ്റൂർ നിവാസികൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കമ്പനി പടിക്കൽ നടത്തുന്ന പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കരുത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചേർന്ന നിയമസഭാ സമ്മേളനത്തിൽ ചിറ്റൂർ ഭൂമി ഏറ്റെടുക്കാൻ 500 കോടി രൂപ നീക്കി വച്ചെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം 50 ഏക്കർ 1-ാം ഘട്ടമായി ഏറ്റെടുക്കുന്നതിന് 200 കോടി രൂപ ധന വകുപ്പിനോടാവശ്യപ്പെട്ടെന്ന് വ്യവസായ മന്ത്റി സബ്മിഷന് മറുപടിയായി പറഞ്ഞതിലൂടെ എല്ലാം കളവാണെന്ന് തെളിഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ അവസാന വർഷം മെഗാ പ്രോജക്ടിൽ ഉൾപ്പെടുത്തി 125 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. തുടർന്ന് വന്ന സർക്കാരിന് കാര്യപ്രാപ്തിയോടെ
ഇടപെടാൻ കഴിഞ്ഞില്ല. അധികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്
കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.