 
പത്തനാപുരം: പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉപജില്ലാ കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്ക് ഭക്ഷണമൊരുക്കാൻ അധികൃതർ തീരുമാനിച്ചു. പത്തനാപുരത്ത് ഈ മാസം അഞ്ച് മുതൽ എട്ട് വരെ നടക്കുന്ന
പുനലൂർ ഉപജില്ലാ കലോത്സവത്തിന് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഭക്ഷണം ഒഴിവാക്കിയിരുന്നു.അദ്ധ്യാപക സംഘടനകളൊന്നും ഏറ്റെടുത്ത് നടത്താൻ തയ്യാറായതുമില്ല. ഉപജില്ലയിലെ നൂറോളം വിദ്യാലയങ്ങളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾ വിശന്നിരിക്കേണ്ട സാഹചര്യത്തിൽ നിരവധി പരാതികൾ ഉയർന്നതോടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായി. വിധികർത്താക്കൾക്കും ഒഫീഷ്യൽസിനും മാത്രം ഭക്ഷണമൊരുക്കാനാണ് ആദ്യം അധികൃതർ തീരുമാനിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് ഭക്ഷണമൊരുക്കി നല്കുന്നതിനെപ്പറ്റി ആലോചിക്കാനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശപ്രകാരം വീണ്ടും യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. മത്സരാർത്ഥികൾക്ക് പതിവ് പോലെ ഭക്ഷണമൊരുക്കി നൽകാൻ തയ്യാറായില്ലെങ്കിൽ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ പരസ്യപ്രതിഷേധം നടത്തുമെന്നും ചില സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഭക്ഷണമൊരുക്കി നൽകാൻ മൗണ്ട് താബോർ, സെന്റ് സ്റ്റീഫൻസ് സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. കലാമേള നടക്കുന്ന നാല് ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി നൽകുമെന്ന് ഭക്ഷണ കമ്മിറ്റി രക്ഷാധികാരികളായ ഫാ. ബഞ്ചമിൻ മാത്തൻ, ഫാ. ഫിലിപ് മാത്യു, ജനറൽ കൺവീനർ സാന്റേഴ്‌സ് ബേബി, ചെയർമാൻമാരായ ജോൺസൻ, എബിൻ ജോർജ്, കോശി തോമസ്, സിസ്റ്റർ ലൈലാമ്മ എന്നിവർ അറിയിച്ചു. നാല് ദിവസങ്ങളിലായി മൂവായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.