കൊല്ലം: ഉത്സവത്തിന് ആനയും കുതിരയും ഒരുമിച്ച് എഴുന്നള്ളിക്കുന്നത് ഒഴിവാക്കണമെന്ന് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് പി. ആർ ഗോപാലകൃഷ്ണൻ പറഞ്ഞു. കുതിരക്കുളമ്പടി ശബ്ദം ആനയെ വിറളിപിടിപ്പിക്കും, കുതിരയുടെ രൂക്ഷഗന്ധമുള്ള കാഷ്ഠവും ആനയെ അസ്വസ്ഥമാക്കും. വൈരുദ്ധ്യ സ്വഭാവമുള്ള ഈ ജീവികളെ വ്യത്യസ്ത സമയങ്ങളിലായി വേണം എഴുന്നള്ളിപ്പിക്കേണ്ടത്. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കലക് ടറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളും ആനകളും തമ്മിൽ നിശ്ചിത അകലം പാലിക്കുകയും ആനപാപ്പാൻ അല്ലാതെ മറ്റാരും ആനയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. മദപ്പാടുള്ളതും അസുഖം ബാധിച്ചതുമായ ആനകളെ എഴുന്നള്ളിപ്പിൽ നിന്നും ഒഴിവാക്കണം. ഉച്ചത്തിലുള്ള അലർച്ചയും മറ്റുമുള്ള ഫ്ളോട്ടുകൾ അനുവദിക്കരുത്. ഒരു ദിവസം തുടർച്ചയായി ആറ് മണിക്കൂറിൽ കൂടുതൽ ആനകളെ പരിപാടികളിൽ പങ്കെടുപ്പിക്കരുത്. ചൂടുസമയത്തും പകൽ സമയത്തും എഴുന്നള്ളിക്കാൻ പാടില്ല. ആനയ്ക്ക് ആഹാരവും വെള്ളവും ലഭിക്കുന്നുവെന്ന് ആനത്തൊഴിലാളികളും ഉത്സവഭാരവാഹികളും ഉറപ്പു വരുത്തണം. ആനയുടെ തലയെടുപ്പ് മത്സരം നടത്തരുത്. കുട്ടിയാനകളെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുത്. ആനയുടെ കഴുത്തിൽ ആനയുടെ പേര് പ്രദർശിപ്പക്കണം. എഴുന്നള്ളിപ്പ് സമയങ്ങളിൽ ഒന്നാം പാപ്പാൻ ആനയുടെ അടുത്തു തന്നെ ഉണ്ടായിരിക്കണം.
ആനയെ ആണി ഘടിപ്പിച്ച വടിയുപയോഗിച്ച് തല്ലുവാൻ പാടില്ല. ആണി, സൂചി പോലുള്ളവ ഘടിപ്പിച്ച വടികൾ ഉപയോഗിച്ച് പീഡിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. എലിഫന്റ് സ്ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവ കമ്മിറ്റി ഉറപ്പു വരുത്തണം. തീവെട്ടി ആനകൾക്ക് ചൂടേൽക്കാത്ത അകലത്തിൽ പിടിക്കണം.
ആഘോഷ വേളകളിൽ ആനയുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയ ഡേറ്റാബുക്ക്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 15 ദിവസത്തിനകം വാങ്ങിയ ആനയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കണം. ആനയെ ഉപയോഗിക്കുന്ന ഉത്സവ കമ്മിറ്റിക്കാർ 72 മണിക്കൂർ നേരത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇൻഷ്വർ ചെയ്തിരിക്കണം. ഒരേ സമയം 15 ൽ കൂടുതൽ ആനകളെ ഉപയോഗിച്ച് പൂരങ്ങൾ ക്രമീകരിക്കുന്നവർ ആയതിനുള്ള അപേക്ഷ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിക്ക് മുൻകൂർ സമർപ്പിച്ചിരിക്കണം. 2012 നാട്ടാന പരിപാലന ചട്ടം പ്രകാരം രജിസ്റ്റർ ചെയ്യാത്തതും മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ഇല്ലാത്തതുമായ ആനകളെ എഴുന്നള്ളിക്കുന്ന കമ്മിറ്റിക്കാർക്കെതിരെയും ആനയുടമകൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് എ ഡി എം പറഞ്ഞു.
യോഗത്തിൽ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ ഹീരാലാൽ, ആനയുടമ സംഘടനാ പ്രതിനിധി ആർ അരുൺകുമാർ, ഡോ അജിത് ബാബു തുടങ്ങിയവർ പങ്കെടുത്തു.