കൊടുങ്ങല്ലൂർ: മതിലകം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പ്രളയത്തെ അതിജീവിച്ചും നൂറ് മേനിയുടെ വിളവേകിയ കരനെൽക്കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി. അര ഏക്കറോളം വിസ്തൃതിയിലുള്ള കൃഷിയിടത്തിലാണ് കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്തിലെ യുവ കർഷകനും എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിയുമായ സുബിൻ കുടിലിങ്ങലിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയിടത്തിലെ വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ബൈജു ബേബി, കൃഷി അസിസ്റ്റന്റുമാരായ ചിത്ര വി, ഉല്ലാസ്, വാർഡ് മെമ്പർ സിന്ധു രവീന്ദ്രൻ, പാപ്പിനിവട്ടം ബാങ്ക് ഡയറക്ടർ ബിന്ദു ലാൽ, പി.കെ. വിശ്വൻ എന്നിവർ സംസാരിച്ചു.
ജ്യോതി ഇനത്തിൽപ്പെട്ട നെല്ലാണിവിടെ കൃഷി ചെയ്തത്. 120 ദിവസം കൊണ്ട് വിളവെടുക്കാനായി. പതിവായി നെൽക്കൃഷി ചെയ്യാറുള്ള സുബിൻ കഴിഞ്ഞവർഷം കപ്പ കൃഷി ചെയ്തു വിജയം കൊയ്തിരുന്നു. കനത്തമഴയിലും തളരാതെ വിജയം സമ്മാനിച്ച തന്റെ കൃഷിയിടത്തിൽ ഇനി കപ്പയും കൂർക്കയും കൃഷി ചെയ്യാനാണ് പദ്ധതിയെന്ന് സുബിൻ പറഞ്ഞു.