തൃശൂർ: വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത്, നിത്യോപയോഗസാധനങ്ങൾ കൂട്ടമായി വിപണനം ചെയ്യുന്ന സാധാരണ കച്ചവട സ്ഥാപനങ്ങളെ പോലെയാകുന്നത് അപ്രായോഗികവും അപഹാസ്യവുമാണെന്ന് കേരള വഴിവാണിഭ സഭ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡൻ്റ് ഐ.എ. റപ്പായി.
13ന് തൃശൂരിൽ നടക്കുന്ന യൂണിയന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു റപ്പായി. കാൽനടയാത്രക്കാർ ഉപഭോക്താക്കളാവുന്ന വഴിയോര കച്ചവടമേഖലയിൽ, വഴിയോരകച്ചവടക്കാരെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടത്തോടെ നടതള്ളരുത്. വഴിയോരങ്ങളിൽ നിലനിറുത്തിയാണ് വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. അന്തോണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.സി. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോണി ആലപ്പാട്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് കളത്തിൽ, സംസ്ഥാന ട്രഷറർ ഉഷ ദിവാകരൻ, ജില്ലാ ജനറൽ സെക്രട്ടറി ശാന്താമണി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സാജു പുലിക്കോട്ടിൽ, ബാബു, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.പി. സണ്ണി സ്വാഗതവും സുരേഷ് തച്ചുപ്പിള്ളി നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി കെ.സി. കാർത്തികേയൻ (പ്രസിഡൻ്റ്), സുരേഷ് തച്ചുപ്പിള്ളി, ഇ.പി. സണ്ണി, സാജു പുലിക്കോട്ടിൽ (കൺവീനർമാർ), ശാന്താമണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.