തൃശൂർ: തിരക്കേറിയ നഗരങ്ങളിലും ചെറിയ വഴികളുളള സ്ഥലങ്ങളിലും തീപ്പിടിത്തമുണ്ടാകുമ്പോൾ ഉടൻ കുതിച്ചെത്തി തീയണയ്ക്കാനുളള ആധുനിക വാഹനം 'ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ' ഫയർഫോഴ്സ് രംഗത്തിറക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈടെക് വാഹനം നിരത്തിലിറങ്ങുന്നതോടെ തീ പടരുന്നത് പെട്ടെന്ന് ഒഴിവാക്കി ദുരന്തതീവ്രത കുറയ്ക്കാനാകും.
റോഡിൽ മരം വീണും മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽ മരങ്ങളും ലോഹഭാഗങ്ങളും മുറിച്ചു നീക്കാനുളള ഉപകരണം വാഹനത്തിലുണ്ട്. പാചകവാതകം ചോർന്നുള്ള അപകടങ്ങളിലും ചെറിയ രീതിയിലുള്ള അഗ്‌നിബാധകളിലും വാഹനം ഫലപ്രദമാകും. ചെറിയ വാഹനമായതുകൊണ്ട് കൈകാര്യം ചെയ്യാനും എളുപ്പമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള ചെറിയ റോഡുകളിൽ ഗതാഗതക്കുരുക്കിനിടയിലും ഓടിയെത്താം. വാഹനത്തിന് ട്രയൽ റണ്ണില്ല. അത്യാഹിതങ്ങൾക്ക് ഉടനെ ഉപയോഗിക്കാനാണ് തീരുമാനം.
4,500 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വലിയ ഫയർ എൻജിനും 3,000 ലിറ്റർ വെള്ളമുള്ള മറ്റൊരു വാഹനവുമാണ് നിലവിൽ ഫയർഫോഴ്സിനുള്ളത്. ലോറികളുടെ വലിപ്പമുള്ളതിനാൽ തന്നെ തിരക്കേറിയ റോഡുകളിലൂടെ ഓടിയെത്താൻ ഈ വാഹനങ്ങൾക്ക് കഴിയില്ല. വലിയ ദൂരെ നിന്ന് വലിയ പമ്പുകൾ വഴിയാണ് അപകടസ്ഥലത്തേയ്ക്ക് വെള്ളമെത്തിക്കേണ്ടി വരുന്നത്. ഇത്തരം വാഹനങ്ങളിൽ തീയണയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴേയ്ക്കും അപകടതീവ്രത കൂടും. പഴഞ്ചൻ ഉപകരണങ്ങളും ദശാബ്ദങ്ങൾക്ക് മുമ്പുണ്ടാക്കിയ മാനദണ്ഡങ്ങളിലുമെല്ലാം അടിമുടി പരിഷ്‌കാരം വരുത്തി ഫയർഫോഴ്സിനെ ആധുനികവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നത്. സ്‌കൂബാ സെറ്റുകൾ ഉൾപ്പെടെയുളളവ വാങ്ങിയിരുന്നു. 75 ലക്ഷം രൂപ വിലയുള്ള ജർമൻ നിർമിത ഫയർ എൻജിൻ മാസങ്ങൾക്ക് മുമ്പ് തൃശൂരിലെത്തിയിരുന്നു. സാധാരണ ഫയർ എൻജിന്റെ മൂന്നിരട്ടി ജലസംഭരണ ശേഷിയുള്ള എൻജിന്, അഞ്ച് നില കെട്ടിടത്തിന് മുകളിലേക്കു വരെ വെള്ളം ചീറ്റിക്കാനാകും.
സംസ്ഥാനത്ത്
ഫസ്റ്റ് റെസ്‌പോൺസ് വാഹനങ്ങൾ 25
ചെലവിച്ചത് 8.4 കോടി
ലക്ഷ്യമിട്ടത് 65 കോടിയുടെ ഉപകരണങ്ങൾ
വാഹനത്തിൽ ഉള്ളത് :
400 ലിറ്റർ വെള്ളം
50 ലിറ്റർ പത (പെട്രോളിനും എണ്ണയ്ക്കും മറ്റും തീപിടിച്ചാൽ ഉപയോഗിക്കാൻ)
ലോഹങ്ങൾ മുറിക്കാനുള്ള കട്ടർ
മരം മുറിക്കാനുള്ള ഉപകരണം
ഡ്രൈവർ, മൂന്ന് ഫയർമാൻ, ഓഫീസർ
''ജില്ലയിൽ കുന്നംകുളത്തും തൃശൂരും മാത്രമാണ് ഈ വാഹനമുള്ളത്. സംസ്ഥാനത്ത് 25 വാഹനങ്ങളാണ് മൊത്തം ഉള്ളത്. അപകടങ്ങളുടെ തീവ്രത കുറയ്ക്കാനും പെട്ടെന്ന് എത്തിച്ചേരും ഏറെ ഫലപ്രദമാണിത്.''
- ബി. വൈശാഖ്, തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ