തൃശൂർ: മതത്തിന്റെ പരിമിതിയിൽ നിന്ന് മാനവികതയുടെ മഹാമുന്നേറ്റം സാദ്ധ്യമാണെന്ന് തെളിയിച്ച അപൂർവ വ്യക്തിപ്രഭാവമാണ് ഫാ. വടക്കനച്ചന്റേതെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പറഞ്ഞു. ഫാ. വടക്കനച്ചന്റെ ജന്മശതാബ്ദിയാഘോഷം ജവഹർ ബാലഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിനെതിരെ അതിശക്തമായ ആക്രമണം നടത്തിയ വ്യക്തിതന്നെ മനുഷ്യവിമോചനത്തിന്റെ വിഷയത്തിൽ എ.കെ.ജിയെ പോലുള്ളവർക്കൊപ്പം സമരം നയിച്ചുവെന്നത് ചെറിയ കാര്യമല്ല. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെ കുറിച്ച് രാഷ്ട്രീയ പ്രസ്ഥാനം ആലോചിക്കുന്നതിനൊപ്പം തന്നെ തൃശൂരിൽ പീടിക തൊഴിലാളികൾ, റിക്ഷാ തൊഴിലാളികൾ, കശുഅണ്ടി ഫാക്ടറി തൊഴിലാളികൾ എന്നിവരെ സംഘടിപ്പിച്ച് അവകാശ സമരം നടത്തി വിജയം കണ്ട കത്തോലിക്ക പുരോഹിതനായ ഫാ. വടക്കനച്ചൻ ചെയ്ത കാര്യങ്ങൾ ചെറുതല്ലെന്നും രാജൻ കൂട്ടിച്ചേർത്തു. വടക്കനച്ചനെ പോലെയുള്ള മഹാപ്രതിഭയെ സഭയും തൃശൂരും വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്ന ദുഃഖമാണ് അവശേഷിക്കുന്നതെന്നും അദ്ധ്യക്ഷത വഹിച്ച ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് പറഞ്ഞു. മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. അലക്‌സ് താമരശ്ശേരി, ജോർജ്ജ് കുട്ടിമുക്കാടൻ, അഡ്വ. ചെറിയാൻ ഗൂഡല്ലൂർ, സി.എൽ ജോസ്, ജോർജ്ജ് എ. ആലപ്പാട്ട്, ഇ.എ. പീറ്റർ, സി.ഐ ഇയ്യപ്പൻ എന്നിവരെ ആദരിച്ചു. തേറമ്പിൽ രാമകൃഷ്ണൻ, സുലൈമാൻ റാവുത്തർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ ഡേവിഡ് കണ്ണനായ്ക്കൽ സ്വാഗതവും ട്രഷറർ അഡ്വ. ജോസഫ് ബാബു വടക്കൻ നന്ദിയും പറഞ്ഞു. വേണം മാധ്യമ ബഹുസ്വരത' എന്ന വിഷയത്തിലുളള മാദ്ധ്യമ സെമിനാറിൽ സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി..