തൃശൂർ: റോഡുകളിലെ വാരിക്കുഴികൾക്കെതിരെയും മറ്റു വിഷയങ്ങളിലും പൊതുചർച്ച ആവശ്യപ്പെട്ട് കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മേയറെ വളഞ്ഞു. മുദ്രാവാക്യം വിളികൾ ഒരു മണിക്കൂറോളം തുടർന്നപ്പോൾ മേയർ അജിത വിജയൻ അജൻഡയെല്ലാം പാസാക്കിയെന്ന് വിളിച്ചുപറഞ്ഞ് കൗൺസിൽ യോഗം പിരിച്ചുവിട്ടു.
രാവിലെ 11നു കൗൺസിൽ യോഗം തുടങ്ങിയ ഉടൻ അജൻഡ വായിച്ചു തുടങ്ങിയതായിരുന്നു. അജൻഡ ചർച്ച ചെയ്യുന്നതിനു മുമ്പ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയിലെ എം.എസ്. സമ്പൂർണയാണ് ആദ്യം നടുത്തളത്തിൽ എത്തിയത്.
മൈക്ക് പിടിച്ചെടുത്തു പൊതുചർച്ച ആവശ്യപ്പെട്ടതിനു പിന്നാലെ, കോൺഗ്രസ് കൗൺസിലർമാരും നടുത്തളത്തിൽ എത്തി. പൊതുചർച്ച ഇല്ലാതെ കൗൺസിൽ യോഗം തുടരാൻ അനുവദിക്കില്ലെന്ന് ബി.ജെ.പിയിലെയും കോൺഗ്രസിലെയും കൗൺസിലർമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണകക്ഷി അംഗങ്ങൾ ബഹളത്തിനിടയിൽ അജണ്ട ചർച്ച ചെയ്യാൻ ശ്രമിച്ചു. എന്നാൽ ബഹളത്തിനിടയിൽ മേയർക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായി. പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.
തകർന്ന റോഡുകളിലെ കുഴികളിൽ യാത്രക്കാർ വീണു മരിച്ചിട്ടും നഗരം ഭരിക്കുന്നവർക്കു കൂസലില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. ഇത്രയും ഗുരതരമായ വിഷയത്തിൽ ചർച്ച നടത്താൻ അനുവദിക്കാത്തത് ക്രുരമാണെന്നു പ്രതിപക്ഷം പറഞ്ഞു. ചർച്ച അനുവദിച്ചില്ലെങ്കിൽ സമാന്തര ചർച്ച നടത്തേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പു നൽകി.
ശക്തൻ നഗറിന്റെ മാസ്റ്റർ പ്ലാൻ വരച്ചതുമായി ബന്ധപ്പെട്ട് എനാർക്കിന് നൽകാനുള്ള തുകയെ സംബന്ധിച്ചുള്ള അജൻഡയിലെ ഒന്നാമത്തെ വിഷയത്തിൽ നിന്ന് ഒളിച്ചോടോനുള്ള ശ്രമമാണ് കോൺഗ്രസ് കൗൺസിലർമാർ നടത്തുന്നതെന്ന് ഭരണകക്ഷിയംഗങ്ങൾ ആരോപിച്ചു. എന്നാൽ ഒന്നാമത്തെ വിഷയം മാത്രം ചർച്ച നടത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു. പൊതുചർച്ച നടത്താൻ അനുവദിക്കാതെ ഒരു വിഷയവും ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി കൗൺസിലർമാർ നിലയുറപ്പിച്ചതോടെ ആ ശ്രമവും പരാജയപ്പെട്ടു.
ഒടുവിൽ മറ്റു വഴികളില്ലാതെ ചർച്ചകളൊന്നും നടത്താതെ തന്നെ അജണ്ടയിലെ എല്ലാ വിഷയങ്ങളും പാസായതായി പ്രഖ്യാപിച്ച് മേയർ യോഗം പിരിച്ചു വിടുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ, രാജൻ പല്ലൻ, ലാലി ജയിംസ്, ഫ്രാൻസിസ് ചാലിശേരി, ജേക്കബ് പുലിക്കോട്ടിൽ, ബിജെപിയിലെ കെ.മഹേഷ്, സി.രാവുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.